ജസ്റ്റിസ് കര്‍ണന്റെ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

ജസ്റ്റിസ് സിഎസ് കര്‍ണന്റെ പുനപരിശോധനാ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി -  ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് അപേക്ഷ പരിഗണിക്കുക -  അപേക്ഷ എന്ന് പരിഗണിക്കുമെന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല
ജസ്റ്റിസ് കര്‍ണന്റെ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോടതിയലക്ഷ്യകേസില്‍ സുപ്രീം കോടതി ആറുമാസം തടവിന് ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണന്റെ പുനപരിശോധനാ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് അപേക്ഷ പരിഗണിക്കുക. അപേക്ഷ എന്ന് പരിഗണിക്കുമെന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. 

ജസ്റ്റിസ് കര്‍ണന് വേണ്ടി സുപ്രീം കോടതിയില്‍ മാത്യൂ നേതുംപാറയാണ് ഹാജരായത്. അതേസമയം കര്‍ണന് വേണ്ടി ഹാജരാകാന്‍ 12 അഭിഭാഷകര്‍ തയ്യാറായില്ല. ആറ് മാസത്തെ തടവുശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്നും, കോടതിയലക്ഷ്യനിയമം ഭരണഘടനാ ലംഘനമാണെന്നുമാണ് കര്‍ണന്റെ വാദം. എന്നാല്‍ കര്‍ണന്റെ തടവുശിക്ഷ പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കര്‍ണന്‍ തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നും രാജ്യം വിട്ടെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തെതാണെന്നും കര്‍ണനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കര്‍ണനെ കണ്ടെത്താനായില്ലായിരുന്നു. കര്‍ണന്‍ ആന്ധ്രയിലേക്ക് പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. അവിടെയും പൊലീസ് തിരഞ്ഞെങ്കിലും കര്‍ണനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com