വഡോദര: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പരസ്യകശാപ്പില് പ്രതിഷേധിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു. വഡോദരയിലെ പാര്‍ട്ടി ഓഫിസാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ തകര്‍ത്തത്. കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. പ്രതിഷേധപ്രകടത്തിന് ഒടുവില്‍ ഇവര്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കാളയെ കശാപ്പു നടത്തിയതിന് എതിരെ വന്‍ പ്രചാരണമാണ് സംഘപരിവാര്‍ ദേശീയതലത്തില്‍ നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നടപടിയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്നു പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് വഡോദരയില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യ്ുവവാഹിനി.
വഡോദരയില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ വിഡിയോ:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ