മൃഗശാലയില്‍ ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി

മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ ആണ് കഴുത്തില്‍ കടിയേറ്റ് കൊല്ലപ്പെട്ടത്.
മൃഗശാലയില്‍ ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി

ബെംഗളൂരു: കര്‍ണാടകയിലെ ബന്നേരുഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ (ആഞ്ജി41) ആണ് കഴുത്തില്‍ കടിയേറ്റ് കൊല്ലപ്പെട്ടത്. ആഞ്ജിയുടെ മാംസം കടുവകള്‍ ഭക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകള്‍ക്കു ഭക്ഷണം നല്‍കാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. താത്കാലിക ജീവനക്കാരനായിരുന്ന ആഞ്ജി ഒക്ടോബര്‍ ഒന്നിനാണ് മൃഗശാലയില്‍ സ്ഥിരജോലിക്കാരനായി പ്രവേശിച്ചത്.

അഞ്ചുമണി വരെയാണു മൃഗശാലയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. അതിനുശേഷം കൂടുകളില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നല്‍കുന്നത് പതിവായിരുന്നു. ആ സമയത്ത് സഫാരി മേഖലയില്‍ കടുവകളെ നിര്‍ത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ ആഞ്ജി കയറുമ്പോള്‍ ഭക്ഷണം നല്‍കുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതില്‍ അടച്ചിരുന്നില്ല.

മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്‌ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോള്‍ കടുവക്കുഞ്ഞുങ്ങള്‍ പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. കടുവകളിലൊന്ന് ആഞ്ജിയുടെ കഴുത്തിലാണ് കടിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കടുവയും ആക്രമിച്ചു. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് മറ്റു ജീവനക്കാരെത്തിയാണ് കടുവകളെ മാറ്റി ആഞ്ജിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ടു വര്‍ഷം മുന്‍പ് ഇതേ പാര്‍ക്കില്‍ത്തന്നെ സിംഹത്തിന്റെ ആക്രമണത്തില്‍ മറ്റൊരു കാവല്‍ക്കാരന് ഗുരുതര പരുക്കേറ്റിരുന്നു. അടുത്തിടെ അഞ്ച് ബംഗാള്‍ കടുവകള്‍ ചേര്‍ന്ന് ഒരു വെള്ളക്കടുവയെ കൊലപ്പെടുത്തിയ സംഭവവും ഇതേ കാട്ടിലാണ് നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com