സാമ്പത്തിക അസമത്വത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ റഷ്യ മാത്രം: യുഎന്‍ റിപ്പോര്‍ട്ട്

ഇന്ത്യയുടെ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം ആളുകളിലാണെന്ന് കണക്കുകള്‍.
സാമ്പത്തിക അസമത്വത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ റഷ്യ മാത്രം: യുഎന്‍ റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം ആളുകളിലാണെന്ന് കണക്കുകള്‍. സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും യുഎന്‍ ഗ്ലോബല്‍ കോംപാക്ട് പുറത്തിറക്കിയ ദ ബെറ്റര്‍ ബിസിനസ് ബെറ്റര്‍ വേള്‍ഡ് എന്ന റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തില്‍ റഷ്യ മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യയില്‍ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം പേരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പുതിയൊരു സാമ്പത്തിക മാതൃക സൃഷ്ടിച്ചാല്‍ മാത്രമേ രാജ്യത്തിന് ഇതില്‍നിന്ന് രക്ഷപെടാനാവൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നതാണ് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതിന്റെ ഒരു ഫലം. സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതിനു തടയിട്ടാല്‍ 2019ഓടെ 9 കോടി അതിദരിദ്രര്‍ക്കു ഭക്ഷണംനല്‍കാന്‍ ഇന്ത്യക്കാവും. ഇപ്പോഴത്തെ നിലയില്‍ ഗ്രാമ മേഖലയുടെ വികസനം, നഗര പ്രദേശങ്ങളുടെ സുസ്ഥിരത, അടിസ്ഥാന സൗകര്യ വികസനം, പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കല്‍ എ്ന്നിവയെല്ലാം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. 

ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഉത്പാദക രാജ്യമാണ് ഇന്ത്യ. കാര്‍ഷിക മേഖലയില്‍ ഊന്നിക്കൊണ്ടുള്ള നയരൂപീകരണവും കാര്‍ഷിക വ്യവസായവത്കരണം വ്യാപിപ്പിക്കലുമാണ് ഇന്ത്യയ്ക്കു മുന്നിലുള്ള വഴികളെന്ന് റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com