ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് അധിക വില ഈടാക്കാമെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന്റെ ആവശ്യം തള്ളി

പാക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് ലീഗല്‍ മെട്രോളജി ആക്റ്റ് അനുസരിച്ച് കുറ്റകരമാണെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വാദം കോടതി തള്ളി
ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് അധിക വില ഈടാക്കാമെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന്റെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിനും പാക്ക് ചെയ്ത ഭക്ഷണത്തിനും പരമാവധി വില്‍പ്പന വിലയേക്കാള്‍  (എംആര്‍പി) കൂടുതല്‍ നിരക്ക് ഈടാക്കാന്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും അനുവാദം നല്‍കി സുപ്രീംകോടതി. പാക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് ലീഗല്‍ മെട്രോളജി ആക്റ്റ് അനുസരിച്ച് കുറ്റകരമാണെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വാദം കോടതി തള്ളി. അമിതവില ഈടാക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും വിധിക്കണമെന്നും ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. 

ഹോട്ടലുകളേയും റസ്‌റ്റോറന്റുകളേയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജസ്റ്റിസ് റൊഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സാധാരണ വില്‍പ്പന ആല്ല ഇതെന്നും കുപ്പിവെള്ളം വാങ്ങുന്നതിനായി മാത്രമായി ആരും ഹോട്ടലുകളില്‍ പോകാറില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. 

കുപ്പിവെള്ളം കുടിക്കാനായല്ല ആളുകള്‍ ഹോട്ടലില്‍ വരുന്നതെന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ടെന്നും അസോസിയേഷന്‍ കോടതിയില്‍ പറഞ്ഞു. എംആര്‍പിക്ക് മുകളില്‍ വില ഈടാക്കുന്നത് നികുതി നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയം സത്യവാങ്മൂലം നല്‍കിയിരുന്നു. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത്  2003 മുതല്‍ വിവാദവിഷയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com