അടിയന്തരമായി ഡല്‍ഹിയിലെത്തിക്കണം ; കളക്ടറെ ഞെട്ടിച്ച് മോദിയുടെ 'ഡെപ്യൂട്ടി '

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2017 04:52 PM  |  

Last Updated: 19th December 2017 04:52 PM  |   A+A-   |  

 

ചെന്നൈ : കഴിഞ്ഞദിവസം തന്റെ മുന്നിലെത്തിയ നിവേദനം കണ്ട് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലാ കളക്ടര്‍ എസ് പ്രഭാകര്‍ അമ്പരന്നു. മാന്യമായി വസ്ത്രം ധരിച്ച ഒരു 65 കാരനാണ് കളക്ടറുടെ അടുത്ത് സഹായം ചോദിച്ചെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചെന്നും, അടിയന്തരമായി ചുമതല ഏറ്റെടുക്കാന്‍ ഡല്‍ഹിയിലെത്തിക്കണമെന്നും ആയിരുന്നു നിവേദനത്തിലെ ആവശ്യം. 

കളക്ടറേറ്റിലെത്തിയ ആവലാതിക്കാരന്റെ ആവശ്യം കേട്ട് കളക്ടര്‍ മാത്രമല്ല, ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അമ്പരന്നു. തുടര്‍ന്ന് ഇയാളുടെ ആവശ്യം സൗമനസ്യത്തോടെ കേട്ട പൊലീസ്, തന്ത്രപൂര്‍വ്വം ഇയാളെ കളക്ടറേറ്റിന് വെളിയിലാക്കി. മാനസികരോഗിയാണ് ഇയാളെന്നും, ഇദ്ദേഹത്തിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.