കുറ്റവിചാരണ നോട്ടീസ് തള്ളിയത് ധൃതിപിടിച്ചല്ല; വിശദീകരണവുമായി വെങ്കയ്യ നായിഡു

രണഘടനയിലെയും ജഡ്ജസ് എന്‍ക്വയറി ആക്ടിലെയും വകുപ്പുകള്‍ കൃത്യതയോടെ പരിശോധിച്ച ശേഷമാണ് നോട്ടീസ് തള്ളിയതെന്ന് വെങ്കയ്യ നായിഡു
കുറ്റവിചാരണ നോട്ടീസ് തള്ളിയത് ധൃതിപിടിച്ചല്ല; വിശദീകരണവുമായി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കുറ്റവിചാരണാ നോട്ടീസ് തള്ളിയത് ധൃതിപിടിച്ചല്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഭരണഘടനയിലെയും ജഡ്ജസ് എന്‍ക്വയറി ആക്ടിലെയും വകുപ്പുകള്‍ കൃത്യതയോടെ പരിശോധിച്ച ശേഷമാണ് നോട്ടീസ് തള്ളിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴു പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ നോട്ടീസ് തിങ്കളാഴ്ചയാണ് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി തള്ളിയത്. ഡല്‍ഹിയിലേക്കു തിരിച്ചെത്തിയതിനു പിറ്റേന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ  തീരുമാനം. ധൃതിപിടിച്ചാണ് ഉപരാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നോട്ടീസ് തള്ളാന്‍ സഭാധ്യക്ഷന് അധികാരമില്ലെന്നും വാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നായിഡുവിന്റെ വിശദീകരണം.

ഒരു മാസം നീണ്ട ആലോചനകള്‍ക്കു ശേഷമാണ് നോട്ടീസ് തള്ളിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഭരണഘടനയിലെയും 1968ലെ ജഡ്ജസ് എന്‍ക്വയറിആക്ടിലെയും വ്യവസ്ഥകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് നായിഡു പറഞ്ഞു.

നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. സംശയങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com