രാജ്യത്ത് ഭീകരാക്രമണത്തേക്കാള്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നത് റോഡിലെ കുഴികള്‍: സുപ്രീംകോടതി

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഇവിടുത്തെ റോഡിലെ കുഴികളില്‍ വീണാണ് മരിക്കുന്നതെന്ന് സുപ്രീംകോടതി.
രാജ്യത്ത് ഭീകരാക്രമണത്തേക്കാള്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നത് റോഡിലെ കുഴികള്‍: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഇവിടുത്തെ റോഡിലെ കുഴികളില്‍ വീണാണ് മരിക്കുന്നതെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരം അപകടങ്ങളില്‍പ്പെട്ട് 14,926 പേര്‍ മരിക്കാനിടയായതില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. 

റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുകൊണ്ടാണ് ഇത്രയധികം പേര്‍ മരിക്കാനിടയായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡിലെ കുഴിയില്‍വീണ് അപകടത്തില്‍പ്പെട്ട് മരിച്ച രണ്ടുപേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന വിധി കഴിഞ്ഞ ജൂലായ് 20ന് ആണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയോട് വിഷയം പരിശോധിക്കാന്‍ ബഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ വളരെ ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റോഡ് സുരക്ഷ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നാണ് അപകടത്തില്‍ മരിക്കുന്നവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com