ക്ഷേത്രപ്രസാദത്തിലെ വിഷബാധക്ക് പിന്നില്‍ കുടുംബവഴക്ക് ?;രണ്ടുപേര്‍ അറസ്റ്റില്‍ ; അന്വേഷണം ക്ഷേത്രജീവനക്കാരിലേക്കും

സുലിവഡി ഗ്രാമത്തിലെ കിച്ചു മറാന്‍ഡ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്
ക്ഷേത്രപ്രസാദത്തിലെ വിഷബാധക്ക് പിന്നില്‍ കുടുംബവഴക്ക് ?;രണ്ടുപേര്‍ അറസ്റ്റില്‍ ; അന്വേഷണം ക്ഷേത്രജീവനക്കാരിലേക്കും

ബംഗളൂരു : കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയേറ്റ് 11 പേര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്ഷേത്രജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്. സുലിവഡി ഗ്രാമത്തിലെ കിച്ചു മറാന്‍ഡ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. 

ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കുടുംബവഴക്കാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നതായി ചാമരാജനഗര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി  അറിയിച്ചു. മരിച്ചവരെല്ലാം ബിദാര്‍ഹള്ളി, മേലാത്തൂര്‍, മറാത്തഹള്ളിഹോബ്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നെത്തിയവരാണ്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. 

പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് അവശതയിലായ 47 പേര്‍ കെയര്‍ ഹോസ്പിറ്റലിലും, 17 പേര്‍ ജെഎസ്എസ് ഹോസ്പിറ്റലിലും,91 പേര്‍ മൈസൂരിലെ വിവിധ ആശുപത്രികളിലും ചികില്‍സയിലാണെന്ന് മന്ത്രി പുട്ടരംഗ ഷെട്ടി അറിയിച്ചു. കുറ്റക്കാര്‍ ആരായിരുന്നാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസാദം കഴിച്ച നിരവധി കാക്കകളും ക്ഷേത്രപരിസരത്ത് ചത്ത് വീണിരുന്നു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com