കേംബ്രിഡ്ജ് അനലിറ്റിക്ക ഓഫീസ് ചുവരില്‍ കൈപ്പത്തി ചിഹ്നം; വീണ്ടും വെട്ടിലായി കോണ്‍ഗ്രസ് 

കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നും അടുത്തിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സിഇഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ ലണ്ടന്‍ ഓഫീസിന്റെ ചുവരിലെ പോസ്റ്ററാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.
കേംബ്രിഡ്ജ് അനലിറ്റിക്ക ഓഫീസ് ചുവരില്‍ കൈപ്പത്തി ചിഹ്നം; വീണ്ടും വെട്ടിലായി കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയുമായി സഹകരിച്ചിട്ടുണ്ടാകാമെന്ന മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ നിഷേധിക്കുന്ന കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നും അടുത്തിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സിഇഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ ലണ്ടന്‍ ഓഫീസിന്റെ ചുവരിലെ പോസ്റ്ററാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അടയാളം ആലേഖനം ചെയ്തിരിക്കുന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടി വികസനം എന്ന വാചകവും കോണ്‍ഗ്രസ് എന്ന പദവും പോസ്റ്ററില്‍ ദൃശ്യമാണ്.

എന്നാല്‍ ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. നിക്‌സ് ഓഫീസിന്റെ ചുവരില്‍ ദൃശ്യമായ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കബളിപ്പിക്കല്‍ തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്. 

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിട്ടുണ്ടാകാമെന്ന മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.ക്രിസ്റ്റഫര്‍ വെയ്ല്‍ എന്ന അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള ബന്ധത്തെ ചൊല്ലി പരസ്പരം പഴിചാരി ബി.ജെ.പിയും കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ പേരില്‍ വിവാദത്തിലായ കമ്പനിയാണ് ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ.യുടെ സാമൂഹിക മാദ്ധ്യമതന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യഷന്‍ രാഹുല്‍ഗാന്ധി അനലിറ്റിക്കയുമായി ധാരണയുണ്ടാക്കിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com