മുസ്ലീംവിരുദ്ധ പ്രതിച്ഛായ ബിജെപി മാറ്റണം,അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടും;മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും എതിരാണ് പാര്‍ട്ടി എന്ന കാഴ്ചപ്പാട് മാറ്റാന്‍ ബിജെപി ബുദ്ധിമുട്ടുകയാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍
മുസ്ലീംവിരുദ്ധ പ്രതിച്ഛായ ബിജെപി മാറ്റണം,അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടും;മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും എതിരാണ് പാര്‍ട്ടി എന്ന കാഴ്ചപ്പാട് മാറ്റാന്‍ ബിജെപി ബുദ്ധിമുട്ടുകയാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. ഇതില്‍ വിജയിച്ചില്ലായെങ്കില്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിനെ ബാധിക്കുമെന്നും പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി. 

2014ല്‍ പ്രതിപക്ഷത്തെ തകര്‍ത്ത് ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. എന്നാല്‍ തുടര്‍ന്ന് വന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ കൈകോര്‍ത്തത് വലിയ തിരിച്ചടിയായി.ഈ പശ്ചാത്തലത്തില്‍ മുസ്ലീം, ദളിത് വിരുദ്ധ പ്രതിച്ഛായ മാറ്റാന്‍ ബിജെപി തീവ്ര ശ്രമം നടത്തണമെന്ന് രാം വിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി. എന്‍ഡിഎ ഘടകകക്ഷിയായ എല്‍ജെപിയുടെ നേതാവാണ് രാം വിലാസ് പാസ്വാന്‍.

എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ നിലകൊളളുന്നത്. ന്യൂനപക്ഷങ്ങളുടെ വികസനത്തിനും നിരവധി കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ വരേണ്യ വര്‍ഗത്തിന്റെ ഒപ്പമാണ് എന്ന പ്രതീതി മാറ്റാന്‍ ബിജെപി തീവ്രമായി ശ്രമിക്കണമെന്ന് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി. എങ്കിലും വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുസ്ലീങ്ങളെയും ദളിതുകളെയും ഒരേ പോലെ ബാധിച്ചു. കന്നുകാലി കടത്ത് ഉള്‍പ്പെടെ നിരവധി രംഗങ്ങളില്‍ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന ദളിതുകളെ ഇത് സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്  ബിജെപിക്കെതിരെ ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുന്നു. ഇത് മനസിലാക്കി ഉപരിവര്‍ഗ പ്രതിച്ഛായയില്‍ മാറ്റം വരുത്താന്‍ ബിജെപി ശ്രമിക്കണമെന്നും രാംവിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com