ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന് സുപ്രീംകോടതി

സഹോദരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍  10 ദിവസത്തെ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി
ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അഴിമതിക്കേസിൽ ജാമ്യത്തിൽ കഴിയുന്ന വിവാദ ഖനി വ്യവസായി ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന് സുപ്രീംകോടതി. സഹോദരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍  10 ദിവസത്തെ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.  ജനാർദ്ദന റെഡ്ഡിയുടെ ഇളയ സഹോദരനായ സോമശേഖര റെഡ്ഡിയാണ് ബെല്ലാരിയിലെ ബിജെപി സ്ഥാനാർത്ഥി.

2015ൽ ജനാർദ്ദന റെഡ്ഡിക്ക് നൽകിയ ജാമ്യവിധിയിലെ വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിൽ പ്രവേശിക്കുന്നതിന്  വിലക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റെഡ്ഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.50,000 കോടിയുടെ ഖനി കുംഭകോണ കേസില്‍ ഹൈദരബാദിലേയും കര്‍ണാടകയിലേയും ജയിലുകളിലായി നാല് വര്‍ഷത്തോളമാണ് ജനാർദ്ദൻ റെഡ്ഡി കിടന്നത്. 2008 ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരിനെ അധികാരത്തിലേറ്റിയതിൽ ജനാർദ്ദൻ റെഡ്ഡിയുടെ പങ്ക് വലുതായിരുന്നു. യെദ്യൂരപ്പ സർക്കാരിൽ ജനാർദ്ദൻ റെഡ്ഡി മന്ത്രിയുമായിരുന്നു. 

ജനാര്‍ദന റെഡ്ഡിയുടെ ഇളയ സഹോദരനും ബെല്ലാരിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സോമശേഖര റെഡ്ഡിയും കേസിലെ പ്രതിയാണ്.  ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതാണ് ഇദ്ദേഹത്തിനെതിരായ കേസ്. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് സോമശേഖര റെഡ്ഡി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com