ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു;  സമരം അവസാനിപ്പിക്കുന്നുവെന്ന്‌ ഭാരതീയ കിസാന്‍ യൂണിയന്‍

കര്‍ഷകര്‍ ഉന്നയിച്ച 11 ആവശ്യങ്ങളില്‍ 7 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. ധനകാര്യസംബന്ധമായ വിഷയങ്ങളില്‍ പിന്നീട് തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്
ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു;  സമരം അവസാനിപ്പിക്കുന്നുവെന്ന്‌ ഭാരതീയ കിസാന്‍ യൂണിയന്‍

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്ര അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പദയാത്ര ഡല്‍ഹിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം നേടാനായെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതിക്കും ഇന്ധനത്തിനും സബ്‌സിഡി അനുവദിക്കുക, 60 വയസിന് മേല്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര നടത്തിയത്. കര്‍ഷകര്‍ ഉന്നയിച്ച 11 ആവശ്യങ്ങളില്‍ 7 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. ധനകാര്യസംബന്ധമായ വിഷയങ്ങളില്‍ പിന്നീട് തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത് എന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് അറിയിച്ചു. 

ഹരിദ്വാറിലെ തിക്ത് ഘട്ടില്‍ നിന്ന് സെപ്തംബര്‍ 23 ന് ആരംഭിച്ച പദയാത്രയില്‍ 70,000 ത്തോളം കര്‍ഷകരാണ് അണിചേര്‍ന്നത്. പന്ത്രണ്ട് ദിവസത്തെ പദയാത്രയ്‌ക്കൊടുവില്‍  തലസ്ഥാന നഗരിയിലേക്ക് പ്രവേശിപ്പിക്കാതെ വന്നതിനെ തുടര്‍ന്ന് ഗാസിയാ ബാദില്‍ വച്ച് പൊലീസും കര്‍ഷകരുമായി സംഘര്‍ഷം ഉണ്ടായിരുന്നു. കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിവീശലിലും നിരവധി കര്‍ഷകര്‍ക്കും ഏഴ് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്ച വൈകുന്നേരം കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com