മുംബൈ: പട്ടം പറത്തുന്നതിനിടെ പൊട്ടിപ്പോയ നൂല് കഴുത്തില്‍ക്കുരുങ്ങി ഇരുചക്ര വാഹനം ഓടിച്ച വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു. മുംബൈയിലെ നാസിക് ഫട്ടാ മേല്‍പ്പാലത്തിലായിരുന്നു സംഭവം. പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും താഴെ വീണ ഡോക്ടര്‍ കൃപാലി നിഗം(26) അരമണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന് കിടന്നുവെന്നും ആരും രക്ഷിക്കാന്‍ വാഹനം നിര്‍ത്തിയില്ലെന്നും പൂനെ സ്വദേശിയായ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇയാളാണ് കൃപാലിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവന് രക്ഷിക്കാനായില്ല.
മറിഞ്ഞ് റോഡിലേക്ക് വീഴുമ്പോഴേക്കും കഴുത്ത് സാരമായി മുറിഞ്ഞിരുന്നുവെന്നും എന്തോ പറയാന്‍ ശ്രമിച്ചുവെങ്കിലും കൃപാലിക്ക് സാധിച്ചില്ലെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
പട്ടം ഉയരത്തില്‍ പറക്കുന്നതിനായി ലോഹവസ്തുക്കളും ഗ്ലാസ് പൊടിയും നൂലില്‍ പശയുപയോഗിച്ച് ഒട്ടിച്ച് ചേര്‍ക്കാറുണ്ട്. മത്സരത്തില്‍ വിജയിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഈ സൂത്രപ്പണി ജീവനെടുക്കുന്നതാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ജൂലൈയില്‍ ഇത്തരം പട്ടങ്ങള്‍ പറത്തുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചിരുന്നു. നൈലോണ്‍ നൂലില്‍ ഗ്ലാസ് ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം നൂലുകള്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ആപത്താണെന്ന് കമ്മീഷന് കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ