ഹോസ്റ്റല്‍ മെസ്സിനെതിരേ പ്രതിഷേധം നടത്തിയ  വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ അജിനോമോട്ടോ ഉള്‍പ്പടെയുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്
ഹോസ്റ്റല്‍ മെസ്സിനെതിരേ പ്രതിഷേധം നടത്തിയ  വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല

നീലഗുഡി; തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മെസ്സിനെതിരേ പരാതി പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പ്രതികാര നടപടിയുമായി അധികൃതര്‍. പ്രതിഷേധം ശക്തമായതോടെ സര്‍വകലാശാല അടിയന്തിരമായി അടച്ചിടുമെന്നും ഹോസ്റ്റലില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തീരുമാനത്തിനെതിരേ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. 

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ അജിനോമോട്ടോ ഉള്‍പ്പടെയുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. മെസ്സിന്റെ ചുമതലക്കാരെ പുറത്താക്കുക, അവര്‍ക്കെതിരേ നിയമപരമായി നടപടിയെടുക്കുക,  ഭക്ഷണം കഴിച്ച് വിവിധ രോഗങ്ങള്‍ ബാധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയായിരുന്നു  ആവശ്യങ്ങള്‍. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍വകലാശാല തയാറായില്ല. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചതോടെയാണ് സര്‍വകലാശാല അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. 

ഇതിനെതിരേ ഹോസ്റ്റല്‍ ബഹിഷ്‌കരിച്ച് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. രാത്രിയും പ്രതിഷേധം തുടര്‍ന്നതോടെ നിലവിലെ കാറ്ററിങ്ങുകാരെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് അധികൃതര്‍. തിങ്കളാഴ്ച മുതല്‍ പുതിയ ആളുകള്‍ക്ക് മെസ്സിന്റെ ചുമതല ഏല്‍പ്പിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. എന്നാല്‍ അതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്നും അതിനാല്‍ സര്‍വകലാശാല അടച്ചിടുമെന്നാണ് അധികൃതരുടെ ഭാഷ്യം. 

കളക്റ്ററിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനമായത്. എന്നാല്‍ മറ്റുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ സമരത്തില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണെന്ന് സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി സമകാലിക മലയാളത്തോട് പറഞ്ഞു.

ഹോസ്റ്റല്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ പുറത്തുനിന്ന് പോലും ഭക്ഷണം കിട്ടാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. യാത്രാ സൗകര്യം കുറവായതിനാല്‍ പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാനും വിദ്യാര്‍ത്ഥികള്‍ക്കാവില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാതെയാണ് യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തത്. 1500 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും മലയാളികളാണ്. 

ഇതിന് മുന്‍പ് ഓഗസ്റ്റില്‍ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്. ഭക്ഷണം പലപ്പോഴും വലിയ പ്രശ്‌നമാകുന്നുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി പറയുന്നത്. അന്ന് ശക്തമായ പ്രതിഷേധം നടന്നെങ്കിലും കാറ്ററിങ്ങുകാരെ ലഭിക്കുന്നില്ലെന്ന ന്യായം പറഞ്ഞ് അവരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. കൂടാതെ ഇവരുടെ കരാര്‍ പുതുക്കി നല്‍കുകയും ചെയ്തു. 

ചൊവ്വാഴ്ച മെസ്സ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് രാവിലെ ഒന്‍പത് മണിക്ക് സമരം ആരംഭിച്ചു. രാത്രി 9 മണി ആയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യൂണിവേഴ്‌സിറ്റി തയാറായില്ല. സമരം ശക്തമാക്കിയതോടെയാണ് ഒരു ആവിശ്യമെങ്കിലും അംഗീകരിക്കാന്‍ സര്‍വകലാശാല തയാറായത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com