മൂന്നു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി; നേതാക്കളെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

വന്‍ വിജയം നേടിയ ഛത്തിസ്ഗഢിലും കേവല ഭൂരിപക്ഷം നേടിയ രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കു ഇന്നു തുടക്കമിടും
മൂന്നു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി; നേതാക്കളെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം പൂര്‍ത്തിയായതോടെ മൂന്നു സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. വന്‍ വിജയം നേടിയ ഛത്തിസ്ഗഢിലും കേവല ഭൂരിപക്ഷം നേടിയ രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കു ഇന്നു തുടക്കമിടും. ഇതിനൊപ്പം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മധ്യപ്രദേശിലും സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

രാജസ്ഥാനിലും ഛത്തിസ്ഗഢിലും പുതിയ എംഎല്‍എമാരുടെ യോഗം ഇന്നു നടക്കും. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ഹൈക്കമാന്‍ഡ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എംഎല്‍എമാരുടെ യോഗത്തില്‍ ഉയരുന്ന പേരുകളുടെ പാനല്‍ ആയിരിക്കും ഹൈക്കമാന്‍ഡിനു മുന്നിലെത്തുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാക്കള്‍. സച്ചിന്‍ പൈലറ്റിനു കീഴില്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഗെലോട്ടിനു സാധ്യത കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നിരീക്ഷകനായി പ്രവര്‍ത്തക സമിതി അംഗം കെസി വേണുഗോപാല്‍ ഇന്നലെ തന്നെ ജയ്പുരില്‍ എത്തിയിട്ടുണ്ട്. എംഎല്‍എമാരുമായി കൂടിയാലോചന നടത്തിയായിരിക്കും പേരുകള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ വയ്ക്കുകയെന്ന് വേണുഗോപാല്‍ പറഞ്ഞു.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തനിച്ച് 99 സീറ്റാണുള്ളത്. സഖ്യകക്ഷികളുടെയും പിന്തുണ പ്രഖ്യാപിച്ചവരുടെയും സീറ്റുകള്‍ ഉള്‍പ്പെടെ 110 പേരുടെ പിന്തുണയുണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ അവകാശവാദം. വിമതരെയും സ്വതന്ത്രരെയും ഒപ്പം നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഛത്തിസ്ഗഢില്‍ എംഎല്‍എമാരുടെ അഭിപ്രായമാരാഞ്ഞ ശേഷമാവും നേതാവ് ആരെന്നതില്‍ തീരുമാനം. തെരഞ്ഞെടുപ്പു നടന്നതില്‍ കോണ്‍ഗ്രസിന് ഏറ്റവും തിളക്കമാര്‍ന്ന ജയം നേടാനായ സംസ്ഥാനമാണ് ഛത്തിസ്ഗഢ്. ആകെയുള്ള 90ല്‍ 68 സീറ്റാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റു കുറവാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രിനു നേടാനായത്. അതേസമയം 114 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ പാര്‍ട്ടിക്കായി. എസ്പി ഇതിനകം തന്നെ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണ ഉള്‍പ്പെടെ 121 പേരുടെ അംഗബലം സഭയില്‍ നേടാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com