"ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം, വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെയും" : പരിഹാസവുമായി ഹാർദിക് പട്ടേൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2018 12:59 PM  |  

Last Updated: 16th February 2018 01:03 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് വജ്രവ്യാപാരി പണം തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ​ഗുജറാത്തിലെ പട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് ഹാര്‍ദിക് പട്ടേലിന്റെ ട്വീറ്റ്. 

"ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്". ഹാർദിക് പട്ടേൽ  ട്വിറ്ററില്‍ കുറിച്ചു.

പിഎൻബിയെ വഞ്ചിച്ച്  11,400 കോടി തട്ടിയെടുത്ത നീരവ് മോദി രാജ്യം വിട്ടിരുന്നു. നീരവ് മോദി ന്യൂയോർക്കിലെ ആഡംബര ഹോട്ടലിൽ പാർക്കുന്നതായാണ് സിബിഐക്ക് കിട്ടിയ വിവരം. നീരവിനെ കണ്ടെത്താനായി സിബിഐ ഇന്റർ പോളിന്റെ സഹായം തേടിയിരിക്കുകയാണ്.