ബിജെപി വാദം തള്ളി സിബിഐ എഫ്‌ഐആര്‍; നീരവ് മോദി തട്ടിപ്പ് അരങ്ങേറിയത് 2017ല്‍

ട്ടിപ്പിന് ഉപയോഗിച്ച ജാമ്യച്ചീട്ടുകൡ എട്ടെണ്ണവും നല്‍കിയിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്
ബിജെപി വാദം തള്ളി സിബിഐ എഫ്‌ഐആര്‍; നീരവ് മോദി തട്ടിപ്പ് അരങ്ങേറിയത് 2017ല്‍

ന്യൂഡല്‍ഹി: നീരവ് മോദി നടത്തിയ പിഎന്‍ബി വായ്പാ തട്ടിപ്പ് യുപിഎ കാലത്താണ് നടന്നതെന്ന ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം തള്ളി സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. തട്ടിപ്പിന് ഉപയോഗിച്ച ജാമ്യച്ചീട്ടുകളില്‍ എട്ടെണ്ണവും നല്‍കിയിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്.

എന്‍ഡിഎ ഭരകാലത്ത് 2017ല്‍ നല്‍കിയ എട്ട് ജാമ്യച്ചീട്ടുകള്‍ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. ഇതു കൂടാതെ 293 ജാമ്യച്ചീട്ടുകള്‍ നീരവ് മോദിക്കു നല്‍കിട്ടുണ്ട്. ഇവ കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിനിടെ കൊടുത്തവയാണ്. അതിലും പഴക്കമുള്ള ജാമ്യച്ചീട്ടുകള്‍ കൊടുത്തതായി കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദേശത്തെ ബാങ്കുകളില്‍ വായ്പയ്ക്ക് ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ ബാങ്ക് ഉപഭോക്താവിന് നല്‍കുന്ന രേഖയാണ് ലെറ്റര്‍ ഒഫ് അണ്ടര്‍സ്റ്റാന്‍ഡിങ് അഥവാ ജാമ്യച്ചീട്ട്. ഉപഭോക്താവിന് വിദേശ ബാങ്കു നല്‍കുന്ന തുകയ്ക്കു ബാങ്ക് ജാമ്യം നല്‍കുന്നതിനു തുല്യമാണിത്. വജ്രവ്യാപാരികള്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താവിന്റെ ആസ്തിയും ഇടപാടു ചരിത്രവുമെല്ലാം കണക്കാക്കിയായിരിക്കും ബാങ്ക് ഇത്തരത്തില്‍ ജാമ്യച്ചീട്ടുകള്‍ നല്‍കുക. സാധാരണഗതിയില്‍ ഈടിന് അടിസ്ഥാനമായിരിക്കും ഇവ നല്‍കുകയെങ്കിലും നീരവ് മോദിയുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഎന്‍ബി വായ്പാ തട്ടപ്പു നടന്നത് യുപിഎയുടെ ഭരണകാലത്താണ് എന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തന്നെ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതികരണം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നീരവ് മോദിക്കു നല്‍കിയ വായ്പകളില്‍ ഭൂരിഭാഗവും യുപിഎ ഭരണകാലത്താണ് എന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. 

നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് 2016ല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന് അറിയാമായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പിന് ഇരയായ ബംഗളൂരു വ്യവസായി ഹരിപ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തട്ടിപ്പിന്റെ വിവരങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തു നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹരിപ്രസാദ് ആരോപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com