ചൈനയെ യുദ്ധത്തിന്റെ വക്കില്‍ നിന്നും സമാധാനപാതയിലേക്ക് നയിച്ച നയതന്ത്ര മിടുക്കുമായി വിജയ് കേശവ് ഗോഖലെ രാജ്യത്തെ സുപ്രധാന പദവിയില്‍

എസ് ജയശങ്കര്‍ വിരമിച്ച ഒഴിവിലാണ് ഗോഖലെയുടെ നിയമനം. വിദേശകാര്യ സെക്രട്ടറി പദവിയില്‍ വിജയ് ഗോഖലെയ്ക്ക് രണ്ടു വര്‍ഷം കാലാവധിയുണ്ട് 
ചൈനയെ യുദ്ധത്തിന്റെ വക്കില്‍ നിന്നും സമാധാനപാതയിലേക്ക് നയിച്ച നയതന്ത്ര മിടുക്കുമായി വിജയ് കേശവ് ഗോഖലെ രാജ്യത്തെ സുപ്രധാന പദവിയില്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലെ ചുമതലയേറ്റു. എസ് ജയശങ്കര്‍ വിരമിച്ച ഒഴിവിലാണ് ഗോഖലെയുടെ നിയമനം. 1981 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിജയ് ഗോഖലെ, നിലവില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍, സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ചൈനയുമായി യുദ്ധത്തിന്റെ വക്കിലെത്തിയ, 73 ദിവസം നീണ്ടുനിന്ന ദോക് ലാം സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാന പാതയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കാനായതില്‍ നിര്‍ണായക പങ്കാണ് വിജയ് ഗോഖലെ വഹിച്ചത്. 

2016 ജനുവരി മുതല്‍ 2017 ഒക്ടോബര്‍ വരെ ഇന്ത്യയുടെ ചൈനീസ് അംബാസഡറായിരുന്നു വിജയ് ഗോഖലെ. വിദേശകാര്യമന്ത്രാലയത്തില്‍ ചൈനീസ് വിഷയങ്ങളിലെ വിദഗ്ധനായാണ് ഗോഖലെയെ പരിഗണിക്കുന്നത്. 2013 മുതല്‍ 2016 വരെ ജര്‍മ്മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന ഗോഖലെ, ഹോങ്കോംഗ്, ഹാനോയി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ ചൈന-ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍, ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി എന്നീ പദവികളും വിജയ് ഗോഖലെ വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കുന്നതില്‍ സുപ്രധാനമായ വിദേശകാര്യ സെക്രട്ടറി പദവിയില്‍, വിജയ് കേശവ് ഗോഖലെയ്ക്ക് രണ്ടു വര്‍ഷം കാലാവധിയുണ്ട്. 

ജയശങ്കര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം
ജയശങ്കര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയങ്ങളുടെ ശില്‍പ്പി എന്നറിയപ്പെട്ട എസ് ജയശങ്കര്‍ മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. മോദിയുടെ വിശ്വസ്തനായിരുന്ന ജയശങ്കറിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും, മറ്റു രാഷ്ട്രീയനേതൃത്വവുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ കാലം വിദേശസെക്രട്ടറി പദവി വഹിച്ചയാളെന്ന റെക്കോഡുമായാണ് ജയശങ്കര്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പടിയിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com