സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി അധ്യാപികയെ കൊലപ്പെടുത്തി; അറുത്തുമാറ്റിയ തലയുമായി കാട്ടിലേക്ക് ഓടിയ യുവാവിനെ പിടികൂടിയത് രണ്ട് മണിക്കൂറിന് ശേഷം

ഖപ്രാസൈ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം
സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി അധ്യാപികയെ കൊലപ്പെടുത്തി; അറുത്തുമാറ്റിയ തലയുമായി കാട്ടിലേക്ക് ഓടിയ യുവാവിനെ പിടികൂടിയത് രണ്ട് മണിക്കൂറിന് ശേഷം

ജംഷഡ്പൂര്‍; സ്‌കൂളില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന അധ്യാപികയെ കൊന്ന് മുറിച്ചുമാറ്റിയ തലയുമായി യുവാവ് കാട്ടിലേക്ക് ഓടി. ജാര്‍ഖണ്ഡിലെ സെറെയ്‌കെല ഖര്‍സ്വാന്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അധ്യാപിക പഠിപ്പിക്കുന്ന സ്‌കൂളിന് അടുത്തുവെച്ച് തല അറുത്തു കൊല്ലുകയായിരുന്നു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് വെട്ടിയെടുത്ത തലയുമായി കാട്ടിനുള്ളിലേക്ക് ഓടിയ യുവാവിനെ പൊലീസ് അഞ്ച് കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖപ്രാസൈ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. ഹരി ഹെബ്രാം എന്ന 26 കാരന്‍ സ്‌കൂളിന്റെ ഉള്ളില്‍ കയറി 30 കാരിയായ അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വീടിന് അടുത്തേക്ക് കൊണ്ടുപോയ ശേഷം വാള്‍ ഉപയോഗിച്ച് അധ്യാപികയുടെ തല അറുത്തു. സംഭവം നടന്ന രണ്ട് മണിക്കൂറിന് ശേഷമാണ് ഹരി അറസ്റ്റിലാവുന്നത്. അക്രമാസക്തരായ പ്രദേശവാസികളില്‍ നിന്ന് ഇയാളെ രക്ഷിക്കുന്നതിനിടെ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. മാനസികരോഗിയായ ഇയാള്‍ സ്‌കൂളിന് സമീപം ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശുക്ര ഹെസ എന്ന അധ്യാപികയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. 

നാട്ടുകാര്‍ കൊലപാതകവിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ വെട്ടിമാറ്റിയ തലയും കൈയില്‍ പിടിച്ച് നില്‍ക്കുകയാണ് ആക്രമി. സംഭവസ്ഥലത്ത് നിരവധി പേര്‍ കൂടിയിട്ടുണ്ടായിരുന്നെങ്കിലും രണ്ട് വാളും പിടിച്ച് നില്‍ക്കുന്ന ഇയാളുടെ അടു്തതുപോവാന്‍ ആരും തയാറായില്ല. അക്രമിയെ വെടിവെച്ച് വീഴ്ത്താന്‍ ആദ്യം ആലോചനയുണ്ടായിരുന്നെന്നും എന്നാല്‍ ഇത്ര അധികം ആളുകള്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ അതിന് കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇയാള്‍ അധ്യാപികയുടെ തലയുമായി ഹെസെല്‍ ഗ്രാമത്തിന് സമീപമുള്ള കാട്ടിലേക്ക് ഓടിക്കളഞ്ഞു. അഞ്ച് കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രദേശവാസികള്‍ ഇയാളെ കൈയേറ്റം ചെയ്തു. വളരെ ബുദ്ധിമുട്ടിയാണ് ജനക്കൂട്ടത്തില്‍ നിന്ന് ഇയാളെ രക്ഷപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com