പാസ്‌പോര്‍ട്ട് വെരിഫൈ ചെയ്യാന്‍ ആലിംഗനം ആവശ്യപ്പെട്ടെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

നിങ്ങളുടെ വെരിഫിക്കേഷന്‍ ഞാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു,ഇനി എന്താണ് എനിക്ക് നിങ്ങള്‍ തരുന്നത് എന്ന് മോശമായ അര്‍ത്ഥത്തില്‍ ചോദിച്ചുവെന്നും ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു' എന്നുമായിരുന്നു ട്വീറ്റ്
പാസ്‌പോര്‍ട്ട് വെരിഫൈ ചെയ്യാന്‍ ആലിംഗനം ആവശ്യപ്പെട്ടെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ഗാസിയാബാദ്: പാസ്‌പോര്‍ട്ട് വെരിഫൈ ചെയ്ത് നല്‍കണമെങ്കില്‍ ആലിംഗനം ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകയോട് ആവശ്യപ്പെട്ട പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇന്ദിരപുരത്താണ് സംഭവം. 

പൊലീസുകാരന്റെ ഭാഗത്ത് നിന്നും ഉണ്ടായ മോശം പെരുമാറ്റത്തില്‍ ഖേദിക്കുന്നുവെന്നും ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും ഉത്തര്‍പ്രദേശ് പൊലീസാണ്  ട്വിറ്ററില്‍ അറിയിച്ചത്. ട്രെയിനി സബ് ഇന്‍സ്‌പെക്ടറാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദേവേന്ദ്രസിങ്. 

 പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി വീട്ടിലെത്തിയ  പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നും ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും മാധ്യമ പ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചിരുന്നു.  'നിങ്ങളുടെ വെരിഫിക്കേഷന്‍ ഞാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു,ഇനി എന്താണ് എനിക്ക് നിങ്ങള്‍ തരുന്നത് എന്ന് മോശമായ അര്‍ത്ഥത്തില്‍ ചോദിച്ചുവെന്നും ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു' എന്നുമായിരുന്നു ട്വീറ്റ്.'  ദേവേന്ദ്രസിങിന്റെ പേര് വെളിപ്പെടുത്തിയ ട്വീറ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും യോഗി ആദിത്യനാഥിനെയും മെന്‍ഷന്‍ ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഗാസിയാബാദ് പൊലീസ് അറിയിച്ചു. പരാതിപ്പെട്ടതിനൊപ്പം സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചത് ഇത്തരം ആളുകളെ തുറന്നുകാണിക്കുന്നതിനാണെന്നും പൊലീസിനെ പോലും വിശ്വസിക്കാന്‍ മടിക്കണമെന്നുമാണ് തനിക്ക് ഈ സംഭവത്തില്‍ നിന്നും മനസിലായത് എന്നും അവര്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com