അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ 

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു, കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്, ആഭ്യന്തര സുരക്ഷ താറുമാറായ അവസ്ഥയാണുള്ളത്
അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ സ്വീകരിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി കൊണ്ടുവന്ന
നോട്ടീസിനെ അനുകൂലിച്ച്  കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമുള്ള അമ്പതോളം അംഗങ്ങളാണ് എഴുന്നേറ്റ് നിന്നത്.

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു, കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്, ആഭ്യന്തര സുരക്ഷ താറുമാറായ അവസ്ഥയാണുള്ളത്, കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചു എന്നിങ്ങനെ എട്ട് വിഷയങ്ങള്‍ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.  

ചോദ്യോത്തരവേളയ്ക്ക് ശേഷം നോട്ടീസ് അംഗീകരിക്കുന്നതായി സ്പീക്കര്‍  സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ എന്നാകും ഇത് സംബന്ധിച്ച ബാക്കി നടപടികള്‍ സ്വീകരിക്കുക എന്ന് വ്യക്തമാക്കിയില്ല. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിച്ചതും, സംവരംണം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്നത് സംബന്ധിച്ചും നോട്ടീസില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

കഴിഞ്ഞ സമ്മേളനത്തില്‍ ഗ്വാളിയാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ജോതിരാദിത്യ സിന്ധ്യ നോട്ടീസിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചിരുന്നു. 
ചൊവ്വാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആഗസ്റ്റ് പത്താം തിയതി വരെ നീളും.പതിനെട്ട് സിറ്റിങ്ങുകളാണ് ഇരുസഭകളിലും നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com