ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു; വിമാന ടോയ്‌ലറ്റില്‍ പ്രസവിച്ച തായ്‌ക്വൊണ്ടോ താരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2018 01:25 PM  |  

Last Updated: 27th July 2018 01:25 PM  |   A+A-   |  

ന്യൂഡല്‍ഹി: ഗര്‍ഭിണി ആണെന്ന് അറിയില്ലായിരുന്നുവെന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ വളര്‍ച്ചയെത്താത്ത കുഞ്ഞിന് ജന്‍മം നല്‍കിയ തായ്‌ക്വൊണ്ടോ താരം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇവര്‍ വേദനാ സംഹാരികള്‍ കഴിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിമാനത്തില്‍ വച്ചും വേദന കൂടിയതിനെ തുടര്‍ന്ന് യുവതിക്ക് മരുന്ന് നല്‍കിയിരുന്നു. ഇത് അമിത രക്തസ്രാവം ഉണ്ടാക്കുകയും ചെയ്തു.വൈദ്യപരിശോധന നടത്താമെന്ന് പറഞ്ഞുവെങ്കിലും താരം നിരസിച്ചിരുന്നതായി എയര്‍ ഏഷ്യ അധികൃതര്‍ വെളിപ്പെടുത്തി. 
ഇവര്‍ കഴിച്ച മരുന്നുകള്‍ ഗര്‍ഭച്ഛിദ്രത്തിന് കാരണമാകുന്നതാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വരുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 ഇംഫാലില്‍ നിന്നും പുറപ്പെട്ട എയര്‍ഏഷ്യ വിമാനം ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പാണ് ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ അഞ്ച് മാസം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയത്. പരിശീനത്തിനിടെയേറ്റ പരിക്കാവാം അബോര്‍ഷന് കാരണമായതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

ദക്ഷിണകൊറിയയില്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി കോച്ചിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് തായ്‌ക്വൊണ്ടോ താരം വളര്‍ച്ചയെത്താത്ത കുഞ്ഞിന് ജന്‍മം നല്‍കിയത്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ കോച്ചിനോടും മറച്ച് വച്ചിരുന്നു. താരം ഗര്‍ഭിണി ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങളും വെളിപ്പെടുത്തിയിരുന്നു.