മോദിയുടെ ഓട്ടോഗ്രാഫ് മംഗല്യഭാഗ്യമായി; പ്രധാനമന്ത്രിയുടെ കയ്യൊപ്പില്‍ മാറി മറിഞ്ഞത് റിതയുടെ ജീവിതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2018 03:49 PM  |  

Last Updated: 27th July 2018 03:49 PM  |   A+A-   |  

കൊല്‍ക്കൊത്ത: പ്രധാനമന്ത്രിയുടെ ഒറ്റ ഓട്ടോഗ്രാഫില്‍ മാറിമറിഞ്ഞത് കൊല്‍ക്കൊത്തക്കാരി റിതയുടെ ജീവിതമാണ്. റാണിബന്ധെന്ന കൊച്ചുഗ്രാമത്തിലെ സെലിബ്രിറ്റിയാണ് ബാങ്കുര ക്രിസ്ത്യന്‍ കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റിത മൂദി.

വിവാഹാലോചനകളുടെ പ്രളയമാണ് റിതയ്ക്ക് ഇപ്പോള്‍. ബംഗാളിന് പുറമേ ജാര്‍ഖണ്ഡില്‍ നിന്ന് വരെ കല്യാണാലോചന എത്തിയിട്ടുണ്ടെന്ന് റിതയുടെ അമ്മ പറയുന്നു. ആലോചനയൊക്കെ പൊടിപൊടിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടെ കല്യാണക്കാര്യമൊക്കെ വീട്ടുകാര്‍ നോക്കുമെന്നാണ് റിത പറയുന്നത്.

പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ഇതുവരെ മിണ്ടാതിരുന്നവരെല്ലാം ഓടി വന്ന് സംസാരിക്കുകയാണ്. എല്ലാവര്‍ക്കും അദ്ദേഹം എഴുതിയത് കാണാന്‍ ആണ് ആഗ്രഹം. നന്നായിരിക്കൂ എന്നാണ് അദ്ദേഹം എഴുതിയത് എന്നും റിത പറയുന്നു. ഒരാഴ്ച ആളുകളുടെ തിരക്കായിരുന്നു എന്നും ഇവര്‍ പറയുന്നു.

കൊല്‍ക്കത്തയിലെ ബാങ്കുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ ടെന്റ് പൊളിഞ്ഞ് വീണ് പരിക്കേറ്റ കൂട്ടത്തിലുള്ളവരായിരുന്നു റിതയും അമ്മയും. പ്രസംഗത്തിന് ശേഷം ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം റിതയെ സന്ദര്‍ശിച്ചത്. ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടപ്പോള്‍ പേപ്പറില്‍ എഴുതി നല്‍കിയാണ് മോദി മടങ്ങിയത്.