അവധിയിലായിരുന്ന സൈനികനെ ഭീകരര്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തി  

Published: 30th July 2018 10:46 AM  |  

Last Updated: 31st July 2018 08:03 AM  |   A+A-   |  

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവധിയിലായിരുന്ന സൈനികനെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് അക്രമം നടന്നത്. സിആര്‍പിഎഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്. കുടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അവധിയിലായിരുന്ന നിസാര്‍ അഹമദിനെ സ്വന്തം വീട്ടില്‍ വെച്ചാണ് തീവ്രവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും സൈന്യവും സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞയാഴ്ച മറ്റൊരു സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. അവധിയിലായിരുന്ന സൈനികനെയാണ് അന്നും ഭീകരര്‍ ലക്ഷ്യമിട്ടത്. 

ജൂലായ് 20ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. സ്വദേശത്തേക്ക് പോകാനായി പുല്‍വാമയിലെത്തിയ ഔറംഗസേബിനെ അവിടെ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു.