ബിജെപിയും കോണ്‍ഗ്രസും ഹിന്ദു വോട്ടുബാങ്കിന് പിന്നാലെ; മുസ്ലിങ്ങള്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് അസദുദ്ദീന്‍ ഒവൈസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th June 2018 03:35 PM |
Last Updated: 25th June 2018 03:35 PM | A+A A- |

ഹൈദരാബാദ് : മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, സ്വന്തം സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും ആഹ്വാനം. ആള്‍ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുള്‍ മുസ്ലീമിന്‍ പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയാണ് വിവാദ ആഹ്വാനവുമായി രംഗത്തെത്തിയത്. രാജ്യത്ത് മതേതരത്വം നിലനില്‍ക്കണമെങ്കില്‍ മുസ്ലിങ്ങള്‍ ഒന്നിക്കണം. മുസ്ലിം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം. ഒവൈസി ആവശ്യപ്പെട്ടു.
മുസ്ലിങ്ങള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഇരിക്കുകയല്ല വേണ്ടത്. നിങ്ങളുടെ മനസ്സാക്ഷി ഉണരണം. മതേരതത്വം പറയുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വലിയ അവസരവാദികളും തീവെട്ടിക്കൊള്ളക്കാരുമാണ്. കഴിഞ്ഞ 70 വര്‍ഷമായി അവര്‍ രാജ്യത്തെ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയും, അധികാരം ഉപയോഗിച്ചും നിശബ്ദരാക്കുകയായിരുന്നു.
നമ്മുടെ അവകാശങ്ങള്‍ക്കായി നാം ഇപ്പോള്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു. മതേതരത്വം നിലനില്‍ക്കണമെങ്കില്‍, നിങ്ങളോട് തന്നെ നിങ്ങള്‍ പോരാടണം. അവഗണിക്കാനാകാത്ത രാഷ്ട്രീയ ശക്തിയാകണമെങ്കില്‍, മുസ്ലിങ്ങള്‍ സ്വന്തം സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
ബിജെപിയും കോണ്‍ഗ്രസും ഹിന്ദു വോട്ടുബാങ്കിന് പിന്നാലെ പരക്കം പായുകയാണ്. മുസ്ലിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്നും ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം കടന്നാക്രമിച്ചു. അദ്ദേഹം മോശം ഭാഷയാണ് പറയുന്നത്. ഹാപൂരില്‍ കാസിം എന്ന കന്നുകാലി വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ മാത്രം. ഇതാണ് താങ്കളുടെ ഭരണത്തിൽ സംഭവിക്കുന്നത്. ഇതാണോ പ്രധാനമന്ത്രി പറയുന്ന സബ്കാ സാത്, സബ്കാ വികാസ് എന്നും അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.