ആദ്യം വിധ്വംസക പ്രവര്‍ത്തനം നിര്‍ത്തട്ടെ, എന്നിട്ടാകാം റംസാന്‍ വെടിനിര്‍ത്തല്‍: മെഹബൂബയെ തളളി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2018 03:12 PM  |  

Last Updated: 11th May 2018 03:15 PM  |   A+A-   |  

 

ന്യൂഡല്‍ഹി: റംസാന്‍ മാസവും അമര്‍നാഥ് യാത്രയും കണക്കിലെടുത്ത് ജമ്മുകശ്മീരില്‍ സൈന്യം ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയെ തളളി ബിജെപി. താഴ്‌വരയിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ തീവ്രവാദികള്‍ ആദ്യം സ്വമേധയാ തയ്യാറാകണം. അങ്ങനെ സംഭവിച്ചാല്‍ സേനയും ഇതിന് അനുഭാവം പ്രകടിപ്പിച്ച് പിന്മാറാന്‍ ഒരുക്കമാകും. നിലവില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് സുരക്ഷ സേന മുന്‍ഗണന നല്‍കുന്നതെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.

ചര്‍ച്ചയുടെ വാതില്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. എന്നാല്‍ തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ഇടപെടല്‍ നടത്തുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും രാം മാധവ് പറഞ്ഞു.

കശ്മീര്‍ താഴ് വരയില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്ന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ എന്ന വാക്ക് മുന്നോട്ടുവെയ്ക്കാന്‍ കഴിയില്ല. റംസാന്‍ നാളുകളില്‍ താഴ്‌വരയില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അതിന് അര്‍ത്ഥം തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തയ്യാറായി എന്നാണെന്നും രാം മാധവ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് താഴ്‌വരയില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സൈന്യം തയ്യാറാവണമെന്ന ആവശ്യം മെഹബൂബ മുഫ്തി മുന്നോട്ടുവെച്ചത്. റംസാനും അമര്‍നാഥ് യാത്രയും കണക്കിലെടുത്ത് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ സൈന്യം തയ്യാറാവണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നിരുന്നു. സൈന്യത്തിന്റെ ശക്തമായ ഇടപെടല്‍ തീവ്രവാദികളുടെ മനോവീര്യം തകര്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ സൈന്യം പിന്നോട്ടുപോയാല്‍ തീവ്രവാദം വീണ്ടും കരുത്താര്‍ജിക്കാന്‍ ഇടയാകുമെന്ന് ബിജെപി കുറ്റപ്പെടുത്തി.