രാമനെ വനവാസത്തിന് അയച്ച കൈകേയിയാണ് ബിജെപി, ആര്‍എസ്എസ് മന്ഥരയും ; കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ധര്‍മ്മത്തിന് വേണ്ടി പടപൊരുതുന്ന പാണ്ഡവരാണ് കോണ്‍ഗ്രസ്‌ 
രാമനെ വനവാസത്തിന് അയച്ച കൈകേയിയാണ് ബിജെപി, ആര്‍എസ്എസ് മന്ഥരയും ; കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ശ്രീരാമനെ വനവാസത്തിന് അയച്ച കൈകേയിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. കൈകേയിയെ അതിന് പ്രേരിപ്പിച്ച തോഴിയായ മന്ഥരയാണ് ആര്‍എസ്എസെന്നും സുര്‍ജേവാല പരിഹസിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആര്‍എസ്എസിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുമ്പോഴാണ്, രാമായണത്തിലെ കഥാപാത്രങ്ങളുമായി അദ്ദേഹം ബിജെപിയെയും ആര്‍എസ്എസിനെയും ഉപമിച്ചത്. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ രാമനെ ഓര്‍ക്കുന്നത്. ബിജെപി കൈകേയിയും ആര്‍എസ്എസ് മന്ഥരയുമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇവര്‍ രാമനെ കാട്ടിലയച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ രാമന്റെ പേരും ഉയര്‍ത്തി ഇവര്‍ രംഗത്ത് വന്നിരിക്കുകയാണെന്ന് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വകാര്യ ബില്‍ കൊണ്ടുവരുമെന്ന ബിജെപി എംപി രാകേഷ് സിന്‍ഹയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ, നിയമമന്ത്രിയോ, ബിജെപി അധ്യക്ഷനോ ഒന്നുമല്ല. രാജ്യസഭയിലെ ബിജെപിയുടെ നോമിനേറ്റഡ് അംഗം മാത്രമാണ്. അതുകൊണ്ടു തന്നെ ആ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് പാണ്ഡവരാണെന്നും, ധര്‍മ്മത്തിന് വേണ്ടി പടപൊരുതുന്നവരാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com