'വിദേശ പശുക്കളുടെ പാല്‍ അക്രമവാസന കൂട്ടും'; സ്വദേശി പശുക്കളുടെ പാല്‍ കുടിക്കാന്‍ ഉപദേശിച്ച് ഹിമാചല്‍ ഗവര്‍ണര്‍

ഗൊറാഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന സനാതന്‍ ഹിന്ദു ധര്‍മയിലെ പശുക്കളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിദേശ പശുക്കള്‍ നല്‍കുന്ന പാലിന്റെ ദോഷത്തെക്കുറിച്ച് ഗവര്‍ണര്‍ വാചാലനായത്
'വിദേശ പശുക്കളുടെ പാല്‍ അക്രമവാസന കൂട്ടും'; സ്വദേശി പശുക്കളുടെ പാല്‍ കുടിക്കാന്‍ ഉപദേശിച്ച് ഹിമാചല്‍ ഗവര്‍ണര്‍

വിദേശ പശുക്കളില്‍ നിന്നുള്ള പാല്‍ ആക്രമണവാസനയും രക്തസമ്മര്‍ദ്ദവും കൂട്ടുമെന്ന പുതിയ കണ്ടെത്തലുമായി ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. സ്വദേശിയ പശുക്കളുടെ പാലാണ് ശരീരത്തിന് നല്ലതെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഗൊറാഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന സനാതന്‍ ഹിന്ദു ധര്‍മയിലെ പശുക്കളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിദേശ പശുക്കള്‍ നല്‍കുന്ന പാലിന്റെ ദോഷത്തെക്കുറിച്ച് ഗവര്‍ണര്‍ വാചാലനായത്. 

വിദേശ പശുക്കളായ ഹോള്‍സ്‌റ്റെയ്ന്‍ ഫ്രീസിയന്‍, ജേഴ്‌സി തുടങ്ങിയ പശുക്കളില്‍ നിന്നുള്ള പാല്‍ കുടിക്കുന്നത് മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കും. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലെ പശുവിന്റെ പാലു കുടിച്ചാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

തന്റെ 200 ഏക്കറിന്റെ ഫാമില്‍ 300 പശുക്കളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വദേശിയ പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിക്കുന്ന വളമായ ജീവ് അമൃത് മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുകയും വിളകള്‍ പെട്ടെന്ന് വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് ഹരിയാനയിലെ കര്‍ഷകര്‍ക്ക് ഇത് പരീക്ഷിക്കാന്‍ 25 കോടി രൂപ അനുവദിച്ചിരിക്കുകയാണ് ഇദ്ദേഹം. സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ രണ്ട് ലക്ഷം കോടി മുതല്‍ അഞ്ച് ലക്ഷം കോടി വരെ ഫെര്‍ട്ടിലിറ്റി ബൂസ്റ്റിങ് മൈക്രോ ഓര്‍ഗനിസം ഉള്ളപ്പോള്‍ വിദേശി പശുക്കളുടെ ചാണകത്തില്‍ ഇത് 60 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മുന്‍കൈ എടുത്ത് മൂന്ന് കാര്‍ഷിക സര്‍വകലാശാലകളില്‍ നടത്തിയ ഗവേഷണത്തിലായിരുന്നു ഈ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com