ഒരു മാസത്തിനിടെ പത്തുകോടി രൂപയുടെ രാഷ്ട്രീയ പരസ്യങ്ങള്‍ ; ഫേസ്ബുക്കില്‍ പ്രചാരണം തകര്‍ക്കുന്നു, പണമെറിയുന്നതില്‍ ഒന്നാമത് ബിജെപി

ആഡ് ലൈബ്രറിയുടെ കണക്കനുസരിച്ച് 51,810 രാഷ്ട്രീയ പരസ്യങ്ങളാണ് ഫെബ്രുവരിക്കും മാര്‍ച്ച് 30 നും ഇടയില്‍ ഫേസ്ബുക്കിലെത്തിയത്. പത്ത് കോടി 32 ലക്ഷം രൂപ ഈയിനത്തില്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍
ഒരു മാസത്തിനിടെ പത്തുകോടി രൂപയുടെ രാഷ്ട്രീയ പരസ്യങ്ങള്‍ ; ഫേസ്ബുക്കില്‍ പ്രചാരണം തകര്‍ക്കുന്നു, പണമെറിയുന്നതില്‍ ഒന്നാമത് ബിജെപി


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍ 10 കോടി രൂപ കവിഞ്ഞുവെന്ന് കണക്കുകള്‍. ആഡ് ലൈബ്രറിയുടെ കണക്കനുസരിച്ച് 51,810 രാഷ്ട്രീയ പരസ്യങ്ങളാണ് ഫെബ്രുവരിക്കും മാര്‍ച്ച് 30 നും ഇടയില്‍ ഫേസ്ബുക്കിലെത്തിയത്. പത്ത് കോടി 32 ലക്ഷം രൂപ ഈയിനത്തില്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിജെപിയാണ് ഫേസ്ബുക്ക് പരസ്യത്തിനായി ഏറ്റവുമധികം തുക ചെലവഴിച്ചത്. ദേശീയപ്രാധാന്യമുള്ളവയും രാഷ്ട്രീയവുമായിരുന്നു പരസ്യങ്ങളുടെ ഉള്ളടക്കമെന്നും ഫേസ്ബുക്ക് വെളിപ്പെടുച്ചിയിട്ടുണ്ട്.

 'ഭാരത് കേ മന്‍ കി ബാത്' പേജില്‍ നിന്ന് മാത്രമായി 3,700 പരസ്യങ്ങള്‍ ഫേസ്ബുക്കിലെത്തി. ഇതിനായി 2.23 കോടി രൂപയാണ് ചെലവഴിച്ചത്. ബിജെപി നേരിട്ട് 1,100 പരസ്യങ്ങള്‍ നല്‍കിയതിന് പുറമേ 'മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി',  'നേഷന്‍ വിത് നമോ' എന്നീ പേജുകളില്‍ നിന്നും വന്‍തോതില്‍ തുക ചെലവഴിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഈ കാലയളവില്‍ 410 രാഷ്ട്രീയ പരസ്യങ്ങള്‍ മാത്രമമാണ് നല്‍കിയത്. ഇതിനായി 5.91 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്. ബിജു ജനതാദള്‍ 8.56 ലക്ഷം രൂപയും ടിഡിപി 1.58 ലക്ഷം രൂപയും എന്‍സിപി 58,355 രൂപയും ചെലവഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 

രാഷ്ട്രീയ പരസ്യങ്ങള്‍ എന്ന് പ്രത്യേകം പ്രദര്‍ശിപ്പിച്ച് തന്നെയാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കിയതെന്ന് ഫേസ്ബുക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ഉപയോക്താക്കളില്‍ പരസ്യം നല്‍കുന്നവരെ കുറിച്ചുള്ള ബോധം വളര്‍ത്തുമെന്നും കമ്പനി പറഞ്ഞിരുന്നു. 20 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ മാത്രം ഉള്ളത്. സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതെന്നനും കമ്പനി വ്യക്തമാക്കി. നേരത്തെ ഗൂഗിളും രാഷ്ട്രീയ പരസ്യങ്ങളുടെ കണക്കുകളും പാര്‍ട്ടികള്‍ ചെലവാക്കിയ തുകയുടെ വിവരങ്ങളും പുറത്ത് വിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com