'ഞങ്ങള്‍ ഭയപ്പെട്ട് കഴിയുകയാണ്, എന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കൂ'; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ

തന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ച് ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ
'ഞങ്ങള്‍ ഭയപ്പെട്ട് കഴിയുകയാണ്, എന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കൂ'; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ

മീററ്റ്: തന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ച് ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ബുലന്ദ്ഷഹറിലുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രജ്‌നി സിങാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് അവര്‍ മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചത്. 

കേസിലെ പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് രജ്‌നി സിങ് ആവശ്യമുന്നയിച്ചത്. പ്രതികളെ ജയിലിന് മുന്നില്‍ മാലയിട്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'ഞങ്ങള്‍ ഭയപ്പെട്ട് കഴിയുകയാണ്. എന്റെ മക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. പ്രതികള്‍ ജയിലില്‍ നിന്ന് ഇറങ്ങിയ സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കണം'- അവര്‍ വ്യക്തമാക്കി. 

ബുലന്ദ്ഷഹറിലെ വനത്തില്‍ 25ഓളം പശുക്കളെ കശാപ്പു ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സംഘര്‍ഷം അരങ്ങേറിയത്. സുബോധ് കുമാര്‍ സിങ്ങും സുമിത് കുമാറെന്ന യുവാവുമാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

കേസിലെ പ്രതിയും യുവമോര്‍ച്ച പ്രാദേശിക നേതാവുമായ ശിഖര്‍ അഗര്‍വാള്‍ അടക്കമുള്ളവര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. അതിനിടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്നും അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com