മമതയ്ക്ക് തിരിച്ചടി ; കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി 
മമതയ്ക്ക് തിരിച്ചടി ; കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : പശ്ചിമബംഗാളിലെ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. സിബിഐ അന്വേഷണവുമായി സഹകരിക്കണം. കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സിബിഐ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 


അതേസമയം രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി താല്‍ക്കാലികമായി വിലക്കി. ബല പ്രയോഗം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കമ്മീഷണര്‍ തന്റെ കൈവശമുള്ള മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യല്‍ നിഷ്പക്ഷ സ്ഥലത്ത് വെച്ചാകണം. ഷില്ലോഗില്‍ വെച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനും കോടതി നിര്‍ദേശിച്ചു. 

പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കോടതി അലക്ഷ്യ കേസുമായി മുന്നോട്ടുപോകാനും കോടതി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജീവ് കുമാറിനും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ 18 നകം മറുപടി നല്‍കണം. മറുപടി ലഭിച്ചശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. കേസ് കേസ് ഈ മാസം 20 ന് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ പ്രത്യേക അന്വേഷണ സംഘ തലവനായ രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. പ്രധാന പ്രതിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ലാപ്‌ടോപ്പ്, മൊബൈല്‍ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇത് ഇപ്പോള്‍ പൊലീസ് കമ്മീഷണറായ രാജീവ് കുമാര്‍ മുക്കി. കൂടാതെ പ്രതികളുടേതായ ഫോണ്‍രേഖകളുടെ വിശദാംശങ്ങളും രാജീവ് കുമാര്‍ സിബിഐക്ക് കൈമാറിയിട്ടില്ല. കേസ് അട്ടിമറിക്കാനാണ് രാജീവ് കുമാര്‍ ശ്രമിച്ചതെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. 

സിബിഐ അന്വേഷണത്തോട് സഹകരിക്കണം എന്ന സുപ്രിംകോടതി ഉത്തരവ് രാജീവ് കുമാര്‍ പാലിക്കുന്നില്ല. ഇത് കോടതി അലക്ഷ്യമാണെന്നും സിബിഐ ചൂണ്ടിക്കാട്ടി. പൊലീസ് കമ്മീഷണര്‍ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തതിനെയും സിബിഐ കോടതിയില്‍ വ്യക്തമാക്കി. സായുധ കലാപത്തിനാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും സിബിഐ കുറ്റപ്പെടുത്തി. 

ചിട്ടി തട്ടിപ്പ്​ കേസിൽ തെളിവ്​ നശിപ്പിക്കാൻ സർക്കാർ ശ്രമം നടന്നുവെന്ന്​ കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ​ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ്​ സംബന്ധിച്ച്​ പൊലീസിൽ പിടിച്ചെടുത്ത ലാപ്​ടോപ്പും മൊബൈലുകളും തിരിച്ച്​ നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിന് ചെന്ന സിബിഐ ഉദ്യോ​ഗസ്ഥരെ പൊലീസ് തടഞ്ഞത് കോടതിയലക്ഷ്യമാണെന്നും എജി കോടതിയിൽ ചൂണ്ടിക്കാട്ടി. 

എന്നാൽ സിബിഐ സർക്കാറിനെ അപമാനിക്കാനാണ്​ ​ശ്രമിച്ചതെന്ന്​ പശ്ചിമബംഗാൾ സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി കോടതിയെ അറിയിച്ചു. സിബിഐ എന്തിനാണ്​ ഇത്ര തിടുക്കം കാണിച്ചത്​. തെളിവ്​ നശിപ്പിക്കാൻ ശ്രമിച്ചതിന്​ ഐപിസി 201 പ്രകാരം ഒരു എഫ്ഐആർ പോലും പൊലീസ് കമീഷണർ രാജീവ്​ കുമാറിനെതിരെ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും  സിങ്​വി സുപ്രീംകോടതിയിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com