ഭീകരാക്രമണം അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി ക്ഷുഭിതനായി ; സുരക്ഷാ ഏജന്‍സികളോട് വിശദീകരണം തേടി

ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പ്രധാനമന്ത്രി ഭീകരാക്രമണ വിവരം 25 മിനുട്ട് വൈകിയാണ് അറിയുന്നത്
ഭീകരാക്രമണം അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി ക്ഷുഭിതനായി ; സുരക്ഷാ ഏജന്‍സികളോട് വിശദീകരണം തേടി

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണ വിവരം അറിയാന്‍ വൈകിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷുഭിതനായി എന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പ്രധാനമന്ത്രി ഭീകരാക്രമണ വിവരം 25 മിനുട്ട് വൈകിയാണ് അറിയുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വാര്‍ത്താവിനിമയ ബന്ധത്തിലുണ്ടായ തകരാറാണ് വിവരം അറിയുന്നതിന് വൈകിയതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. 

ഭീകരാക്രമണം നടന്ന ഫെബ്രുവരി 14 ന് രാവിലെ ഏഴു മണിയ്ക്കാണ് മോദി ഡെറീഡൂണിലെത്തുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി നാലു മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി. 11.15 നാണ് മോദിക്ക് ജിം കോര്‍ബറ്റ് പാര്‍ക്കിലെ ചടങ്ങില്‍ എത്താനായത്. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പ്രധാനമന്ത്രി പാര്‍ക്കില്‍ ചെലവഴിച്ചു. 

ടൈഗര്‍ സഫാരി , ഇക്കോ ടൂറിസം സോണ്‍, സുരക്ഷാകേന്ദ്രം തുടങ്ങിയവയുടെ ഉദ്ഘാടനമായിരുന്നു പ്രധാനപരിപാടികള്‍. തുടര്‍ന്ന് പ്രധാനമന്ത്രി കാലാഗാര്‍ഹില്‍ നിന്നും വനത്തിലൂടെ മോട്ടോര്‍ ബോട്ട് സവാരിയും നടത്തി. ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം പൊതുറാലിയെ അഭിസംബോധന ചെയ്യാനും മോദി പരിപാടിയിട്ടിരുന്നു. 

ഇതിനിടെയാണ് പുല്‍വാമ ഭീകരാക്രമണം പ്രധാനമന്ത്രി അറിയുന്നത്. തുടര്‍ന്ന് റാലി റദ്ദാക്കിയ മോദി, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി ടെലഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയുമായിരുന്നു. 

മണിക്കൂറുകളോളം ചര്‍ച്ച നടത്തിയ മോദി ഇതിനിടെ ഭക്ഷണം പോലും കഴിക്കാന്‍ തയ്യാറായില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. വിവരം അറിയിക്കാന്‍ 25 മിനുട്ടോളം വൈകിയതില്‍ പ്രധാനമന്ത്രി ക്ഷുഭിതനായി എന്നും റിപ്പോര്‍ട്ടുണ്ട്. 

കാലാവസ്ഥ മോശമായതിനാല്‍ വ്യോമമാര്‍ഗം സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യമല്ലായിരുന്നു. ഇതിനാല്‍ രാംനഗറില്‍ നിന്നും ബറെയ്‌ലി വരെ റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി തിരിച്ചത്. രാത്രിയോടെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തുകയും ചെയ്തു. 

അതിനിടെ പുല്‍വാമ ഭീകരാക്രമണ വിവരം യഥാസമയം പ്രധാനമന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സുരക്ഷാ ഏജന്‍സികളോട് വിശദീകരണം തേടി. വിവരം അറിയിക്കാന്‍ വൈകിയത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ദോവല്‍ ആവശ്യപ്പെട്ടിട്ടുള്ള്. ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രി ഡിസ്‌കവറി ചാനലിന് വേണ്ടി വീഡിയോ ഷൂട്ടിംഗിലായിരുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും തള്ളിക്കളഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com