ന്യൂഡല്‍ഹി: ബോളിവുഡ് താരം ഫര്ഹീന് പ്രഭാകറെ നാലംഗസംഘം ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. സാകേതിലെ ഷോപ്പിങ് മാളിലേക്ക് എത്തിയപ്പോഴാണ് താരത്തിന് നേരെ ആക്രമണം ഉണ്ടായത്. ട്രാഫിക് സിഗ്നലിനായി കാത്ത് കിടക്കുമ്പോഴാണ് നാലംഗ സംഘം ഫര്ഹീന് നേരെ തട്ടിക്കയറിയത്. ഗ്ലാസ് ഡോര്‍ താഴ്ത്താന്‍ ആവശ്യപ്പെട്ട സംഘം മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് പറഞ്ഞ് ചൂടാവുകയായിരുന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തിയ ഉടന്‍ കാറില്‍ നിന്നും പഴ്സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കി. അക്രമികളെ ഫര്ഹീന് എതിര്‍ത്തപ്പോള്‍ ശാരീരികമായി ആക്രമിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം റോഡിന് സമീപം നിര്‍ത്തിയിട്ട കാറില്‍ മോഷ്ടാക്കള്‍ രക്ഷപെടുകയും ചെയ്തു.
ശാരീരിക ആക്രമണത്തെ തുടര്‍ന്ന് ഫര്ഹീന് ബോധംകെട്ട് റോഡില്‍ വീണു. പിന്നാലെയെത്തിയ സൈനികനാണ് ആശുപത്രിയില്‍ എത്തിച്ചതും പൊലീസിനെ വിവരമറിയിച്ചതും. അക്രമികളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാനാവുമെന്നും മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ കിട്ടിയതായും പൊലീസ് വ്യക്തമാക്കി. മുന്‍ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയാണ് ബോളിവുഡ് താരമായ ഫര്ഹീന്.
ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തുന്ന കാറുകള്‍ക്ക് സമീപമെത്തി ഗ്ലാസില്‍ തട്ടുകയും വഴി ചോദിക്കാനെന്ന വ്യാജേനെ ഡോറിനടുത്ത് നിന്ന് ആക്രമിച്ച് പഴ്സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ഈ കവര്‍ച്ചാ സംഘത്തിന്റെ രീതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ