ചാണക്യന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ 'പ്രായപരിധി മാനദണ്ഡ'വും തോറ്റു ; ബിജെപിയില്‍ കരുത്തനായി യെദ്യൂരപ്പ ; നാലാമൂഴം

യെദ്യൂരപ്പയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി വക്താവ് മധുസൂദനന്‍ സ്ഥിരീകരിച്ചു
ചാണക്യന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ 'പ്രായപരിധി മാനദണ്ഡ'വും തോറ്റു ; ബിജെപിയില്‍ കരുത്തനായി യെദ്യൂരപ്പ ; നാലാമൂഴം

ബംഗലൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ചുമതലയേല്‍ക്കുന്നത് നാലാം തവണ. സംസ്ഥാനത്ത് ബിജെപി അധികാരം തിരിച്ചുപിടിക്കുന്നതില്‍ നിര്‍ണായക തന്ത്രങ്ങള്‍ ഒരുക്കിയ ബിജെപിയുടെ മുതിര്‍ന്ന നേതാവിന് വേണ്ടി പാര്‍ട്ടി പ്രായപരിധി മാനദണ്ഡം പോലും മാറ്റിവെച്ചു. 76 കാരനാണ് കര്‍ണാടക ബിജെപിയുടെ മുഖമായ ബുക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന ബി എസ് യെദ്യൂരപ്പ. 

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ എത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അമിത് ഷായെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണത്തിന് പാര്‍ട്ടി അനുമതി നല്‍കിയതെന്നാണ് സൂചന. പാര്‍ട്ടി കേന്ദ്രനേതൃത്വം യെദ്യൂരപ്പയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയതായി പാര്‍ട്ടി വക്താവ് മധുസൂദനനും സ്ഥിരീകരിച്ചു. 

കര്‍ണാടകയില്‍ ധൃതി പിടിച്ച് സര്‍ക്കാരുണ്ടാക്കേണ്ടെന്നും, കാത്തിരിക്കാനും ആയിരുന്നു ബിജെപി കേന്ദ്രനേതൃത്വം നേരത്തെ നിലപാട് എടുത്തിരുന്നത്. വിമത എംഎല്‍എമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനവും ഉറപ്പും വന്നതിന് ശേഷം മാത്രം സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചാല്‍ മതിയെന്നുമായിരുന്നു കേന്ദ്രനേതൃത്വം അറിയിച്ചത്. ധൃതി പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നത് കുമാരസ്വാമി സര്‍ക്കാരിന്റെ ഗതി വിളിച്ചുവരുത്തുമെന്നും ബിജെപി നേതൃത്വം വിലയിരുത്തി. 

യെദ്യൂരപ്പയെ സംബന്ധിച്ചും ഇത്തവണത്തെ നീക്കം നിര്‍ണായകമായിരുന്നു. ഇത്തവണ മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍ ഇനി മുഖ്യമന്ത്രി പദം സ്വപ്‌നം കാണാനാകില്ലെന്ന് യെദ്യൂരപ്പയ്ക്കും അറിയാം. യുവനേതാക്കള്‍ക്ക് വേണ്ടി വഴിമാറേണ്ടി വരും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഏതെങ്കിലും സംസ്താനത്തിന്റെ ഗവര്‍ണര്‍ പദവി ലഭിച്ചേക്കുമെന്നും യെദ്യൂരപ്പ തിരിച്ചറിഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ദേശീയനേതൃത്വത്തിന്റെ നിലപാട് തിരുത്താനുള്ള സമ്മര്‍ദ്ദം യെദ്യൂരപ്പ ക്യാമ്പ് കൈക്കൊണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com