ഇടതു സ്ഥാനാര്‍ഥി ഉണ്ടെങ്കിലും കരുത്ത് കോണ്‍ഗ്രസിനെങ്കില്‍ വോട്ട് കോണ്‍ഗ്രസിന്: ബംഗാള്‍ സിപിഎം സെക്രട്ടറി

കോണ്‍ഗ്രസിനെ രാഷ്ട്രീയ ശത്രുവായി സിപിഎം കാണുന്നുമില്ല
സൂര്യകാന്ത മിശ്ര സീതാറാം യെച്ചൂരിക്കൊപ്പം/ഫയല്‍
സൂര്യകാന്ത മിശ്ര സീതാറാം യെച്ചൂരിക്കൊപ്പം/ഫയല്‍

കൊല്‍ക്കത്ത: ഇടതുപക്ഷം മത്സര രംഗത്തുള്ള മണ്ഡലങ്ങളിലും ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനാണ് കരുത്തെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും തോല്‍പ്പിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ദൗത്യമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുമായുള്ള അഭിമുഖത്തില്‍ സൂര്യകാന്ത മിശ്ര പറഞ്ഞു. 

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സീറ്റു ധാരണ നടക്കാതെ പോയതില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് ധാരണയുണ്ടായില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കുകയാണ് പ്രധാനം- മിശ്ര പറഞ്ഞു.

''നിങ്ങളുടെ മണ്ഡലത്തില്‍ ബിജെപി, തൃണമൂല്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യുക. ഇടതുപക്ഷത്തിനാണ് ആ കരുത്തെങ്കില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുക''- കാര്യം വ്യക്തമാണെന്ന് മിശ്ര വിശദീകരിച്ചു.

കോണ്‍ഗ്രസ് ഇപ്പോള്‍ ബംഗാളിലോ കേന്ദ്രത്തിലോ ഭരണത്തില്‍ ഇല്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ രാഷ്ട്രീയ ശത്രുവായി സിപിഎം കാണുന്നുമില്ല. കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം ഒരിക്കലും തയാറായിട്ടില്ല. സീറ്റു ധാരണയ്ക്കാണ്  ശ്രമിച്ചത്. അതു നടക്കാത്ത സ്ഥിതിക്ക് ഓരോ മണ്ഡലത്തിലും ബിജെപിക്കും തൃണമൂലിനും എതിരെ ശക്തരായ സ്ഥാനാര്‍ഥി ആരെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ- മിശ്ര വ്യക്തമാക്കി.

കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന്, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിനു മറിപടിയായി മിശ്ര പറഞ്ഞു. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ മതേതര സര്‍ക്കാരിനു ഞങ്ങളുടെ പിന്തുണ അനിവാര്യമെങ്കില്‍ തീര്‍ച്ചയായും പിന്തുണയ്ക്കും. ബിജെപി ഇതര സഖ്യത്തിനായുള്ള മമത ബാനര്‍ജിയുടെ ശ്രമങ്ങള്‍ തട്ടിപ്പാണ്. ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് അതിനു പിന്നില്‍. പ്രതിപക്ഷ നിരയില്‍ ബിജെപിയുടെ ട്രോജന്‍ കുതിരയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്ന് സിപിഎം പിബി അംഗം കൂടിയായ മിശ്ര കുറ്റപ്പെടുത്തി. ബംഗാളില്‍ 10-12 സീറ്റില്‍ തൃണമൂലും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് മിശ്ര ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com