കോൺ​ഗ്രസിനെ കാഴ്ചക്കാരാക്കി മതേതര മുന്നണി; മായാവതിയെ മുൻനിർത്തി പുതിയ നീക്കവുമായി സിപിഎം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ കാഴ്ചക്കാരാക്കി നരേന്ദ്ര മോദി സർക്കാരിനെതിരെ മതേതര ദേശീയ മുന്നണിക്ക് രൂപം നൽകാൻ സിപിഎം നേതൃത്വം ആലോചന തുടങ്ങിയതായി റിപ്പോർട്ടുകൾ
കോൺ​ഗ്രസിനെ കാഴ്ചക്കാരാക്കി മതേതര മുന്നണി; മായാവതിയെ മുൻനിർത്തി പുതിയ നീക്കവുമായി സിപിഎം

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ കാഴ്ചക്കാരാക്കി നരേന്ദ്ര മോദി സർക്കാരിനെതിരെ മതേതര ദേശീയ മുന്നണിക്ക് രൂപം നൽകാൻ സിപിഎം നേതൃത്വം ആലോചന തുടങ്ങിയതായി റിപ്പോർട്ടുകൾ. ബിഎസ്പി നേതാവ് മായാവതിയെ മുൻ നിർത്തിക്കൊണ്ടുള്ള മതേതര ബദൽ രൂപീകരിക്കാനാണ് നീക്കം. കോൺഗ്രസുമായി അടുക്കാതെ നിൽക്കുന്ന സമാജ്‌വാദി പാർട്ടി, ബിജു ജനതാദൾ, ആം ആദ്മി തുടങ്ങിയ പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടാനാകുമെന്നും നേതൃത്വം കരുതുന്നു. 

മതേതര മുന്നണിയിൽ ഒപ്പം നിൽക്കേണ്ട കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കാനെത്തുന്നതിനെ തുടർന്നാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷം പ്രതിപക്ഷം നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികളിലും കോൺഗ്രസിനൊപ്പം സിപിഎമ്മും പങ്കുചേർന്നിരുന്നു. 

എന്നാൽ തെരഞ്ഞെടുപ്പിൽ പരസ്പരമുള്ള സഹകരണത്തിൽ സിപിഎമ്മിനുള്ളിൽ കനത്ത തർക്കം നിലനിന്നിരുന്നു. കോൺഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം വേണ്ടെന്ന് സിപിഎം കേരള ഘടകം ആവശ്യപ്പെടുമ്പോൾ ബിജെപിയെ നേരിടാനുള്ള മതേതര മുന്നണിയിൽ കോൺഗ്രസുമായി സഖ്യമാകാമെന്നാണ് പശ്ചിമ ബംഗാൾ ഘടകത്തിന്റെ നിലപാട്. ഇതേച്ചൊല്ലി ഏറെ നാൾ നടന്ന തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസുമായി സഹകരണമാകാമെന്ന് സിപിഎമ്മിൽ ഏകദേശ ധാരണയായിരുന്നു. 

ഇതിനിടയിലാണ് ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന കേരളത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത്. രാഹുലിന്റെ വരവ് തെറ്റായ സന്ദേശം നൽകുമെന്ന് സിപിഎം നേതാക്കളും വിവിധ ഘടകക്ഷികളും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേത്തിക്ക് പുറമെ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് കോൺഗ്രസ് അധ്യക്ഷൻ വയനാടിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com