'ആ വാദങ്ങളെല്ലാം തെറ്റ്'; മോദി സര്‍ക്കാരിന് മുമ്പും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്: മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഹൂഡ 

അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്കെതിരെയുളള സൈനികനീക്കങ്ങള്‍ മോദി സര്‍ക്കാരിന് മുമ്പും നടന്നിട്ടുണ്ടെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ
'ആ വാദങ്ങളെല്ലാം തെറ്റ്'; മോദി സര്‍ക്കാരിന് മുമ്പും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്: മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഹൂഡ 

ജയ്പൂര്‍: അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്കെതിരെയുളള സൈനികനീക്കങ്ങള്‍ മോദി സര്‍ക്കാരിന് മുമ്പും നടന്നിട്ടുണ്ടെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വീഡിയോ ഗെയിമായിരുന്നു എന്ന് മിന്നലാക്രമണത്തെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് ഹൂഡയുടെ പ്രതികരണം. 

മുന്‍ സൈനികരും മറ്റുളളവരും പറയുന്നപ്പോലെ മുന്‍പും മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് ഹൂഡ പറഞ്ഞു. എന്നാല്‍ കൃത്യമായ സമയവും മിന്നലാക്രമണം നടന്ന സ്ഥലവും സംബന്ധിച്ച് ഇപ്പോള്‍ ഓര്‍മ്മയില്ലെന്ന് ഹൂഡ പറഞ്ഞു. എന്നാല്‍ അതിര്‍ത്തി കടന്ന് തീവ്രവാദികളെ ലക്ഷ്യമാക്കിയുളള സൈനികനീക്കങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട് എന്ന കാര്യം ഉറപ്പാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2016ലെ മിന്നലാക്രമണത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിട്ടാണ് ഹൂഡയെ വിശേഷിപ്പിക്കുന്നത്.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മിന്നലാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന അവകാശവാദമാണ് ബിജെപി ഉന്നയിക്കുന്നത്. 2016ന് മുന്‍പ് മിന്നലാക്രമണങ്ങള്‍ നടന്നതിന് രേഖകള്‍ ഇല്ലെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. മിന്നലാക്രമണങ്ങള്‍ നടന്നു എന്നതിനെ സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരത്തുന്നതെന്നും ബിജെപി നേതാവ്  ജിവിഎല്‍ നരസിംഹറാവു ആരോപിച്ചു. 2004 മുതല്‍ 2014 വരെയുളള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവകാശപ്പെടുന്നത്.മിന്നലാക്രമണത്തെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ഹൂഡയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ സൈന്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിച്ചിഴക്കുന്നത് നല്ലതല്ലെന്നും ഹൂഡ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വലിച്ചിഴക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു അവകാശവുമില്ല. ഇത് സൈന്യത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുമെന്നും ഹൂഡ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com