ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു; രാമക്ഷേത്രം നിര്‍മ്മിക്കാനുമുണ്ടാകും, ഇത് രാമരാജ്യമെന്ന് പ്രജ്ഞ സിങ് 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ലെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രജ്ഞ സിങ് താക്കൂര്‍
ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു; രാമക്ഷേത്രം നിര്‍മ്മിക്കാനുമുണ്ടാകും, ഇത് രാമരാജ്യമെന്ന് പ്രജ്ഞ സിങ് 

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ലെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രജ്ഞ സിങ് താക്കൂര്‍. ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു. ഞാനവിടെ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഞാനത് പറഞ്ഞതാണ്. ഇനിയും ഞാനവിടെ പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കും. അത് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ല. ഇത് രാമരാഷ്ട്രമാണ്, രാഷ്ട്രം രാമന്റേതാണ്- പ്രജ്ഞ പറഞ്ഞു. 

നേരത്തെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. 'സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന എല്ലാവര്‍ക്കുമുള്ള പ്രതീകാത്മക മറുപടിയാണ് ഇത്' എന്ന് മേദി പറഞ്ഞു. ഇത് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

'സംഝോത എക്‌സപ്രസ് സ്‌ഫോടന കേസില്‍ ഒരു തെളിവുമില്ലാതെ 5000വര്‍ഷം പഴക്കമുള്ള, എല്ലാവരും ഒന്നാണെന്ന പ്രത്യയശാസ്ത്രമുള്ള ഒരു സംസ്‌കാരത്തെ നിങ്ങള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചില്ലേ എന്നായിരുന്നു മോദിയുടെ ചോദ്യം. 

കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ കോണ്‍ഗ്രസ് രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതിന് മറുപടിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലിറങ്ങിയല്ലേ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മോദി ചോദിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രജ്ഞ ബിജെപിയില്‍ ചേര്‍ന്നത്. അതിന് പിന്നാലെ പാര്‍ട്ടി അവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായ പ്രജ്ഞയുടെ പ്രസ്താവന വിവാദമായി. ''മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്'' പ്രജ്ഞാ സിങ് പറഞ്ഞു.

ഇതിന് പിന്നാലെ വലിയ വിമര്‍ശനമുയരുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞ സിങിന് എതിരെ കേസെടുക്കുകയും ചെയ്തു. പ്രജ്ഞയെ തള്ളി ബിജെപിക്കും രംഗത്ത് വരേണ്ടിവന്നു. പ്രജ്ഞയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് ബിജെപിയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'ഭീകരരെ എതിരിട്ടാണ് കര്‍ക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പോഴും രക്തസാക്ഷിയായാണ് പാര്‍ട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന' ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. പിന്നാലെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പ്രജ്ഞ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രജ്ഞയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് മോദി രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com