അച്ഛന്റെ പേരുപറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ ചെറുത്തു തോല്‍പ്പിച്ച് 12കാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 11:25 AM  |  

Last Updated: 07th December 2019 11:25 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

ബാംഗളൂര്‍; തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്ത് 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. ബാംഗളൂരിലെ ചാമരാജ്‌പേട്ട് മൈസൂര്‍ സര്‍ക്കിളിലാണ് സംഭവമുണ്ടായത്. പീഡനശ്രമത്തെ ചെറുത്ത് കുട്ടി ആക്രമികളുടെ കൈയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. 

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനശ്രമത്തിന് ഇരയായത്. 35- 40 പ്രായം വരുന്ന ആള്‍ കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോവുകയും സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത ശേഷം വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്ലാസിലേക്ക് പോവുന്ന വഴിയാണ് സംഭവമുണ്ടായത്. എംഎന്‍ ലെയ്‌നിലെ ശിവാലയ ലോഡ്ജില്‍ എത്തിയപ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്ന് അച്ഛന്‍ പറഞ്ഞിട്ടു വരികയാണെന്നും കൂട്ടുവരാന്‍ അച്ഛന്‍ ആവശ്യപ്പെട്ടതായും പറഞ്ഞു. എന്നാല്‍ ഇത് സമ്മതിക്കാതിരുന്ന കുട്ടിയെ ബലമായി പിടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ഥലത്ത് കള്ളന്മാരുണ്ടെന്നും സ്വര്‍ണാഭരണങ്ങള്‍ ഊരിത്തരാനും ആവശ്യപ്പെട്ടു. കുട്ടി ഇത് അനുസരിച്ചു. തുടര്‍ന്ന് കുട്ടിയുടെ വസ്ത്രം ഊരാനും ഇയാള്‍ ശ്രമിച്ചു. ഇതോടെ ഇയാളെ തള്ളിമാറ്റി കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. 

വഴിയില്‍ പൊലീസിനെ കണ്ട കുട്ടി സംഭവങ്ങള്‍ വിവരിച്ച്. ഉടന്‍ പൊലീസുകാരന്‍ കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയുമായിരുന്നു. തന്റെ പേര് പറഞ്ഞതുകൊണ്ടാണ് മകള്‍ ഓട്ടോറിക്ഷയില്‍ ഇരുന്ന് ഒച്ചവെക്കാതിരുന്നതെന്നും മകള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പട്ടതില്‍ സന്തോഷമുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. തന്നെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു എന്ന് മകള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ സംഭവമുണ്ടാകുന്നത് ആദ്യമായിട്ടല്ലെന്നും രണ്ട് മാസം മുന്‍പ് തന്റെ അയല്‍വാസിയുടെ മകളും ഇത്തരത്തില്‍ പീഡനത്തിന് ഇരയായെന്നും അദ്ദേഹം വവ്യക്തമാക്കി. 

എന്നാല്‍ ആക്രമിക്കെതിരേ പൊലീസ് പോക്‌സോ കേസ് എടുത്തിട്ടില്ല. തട്ടിക്കൊണ്ടുപോകലിനും കവര്‍ച്ചയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പീഡനശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.