ഓടുന്ന ബസില്‍ വച്ച് യുവതിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 01:09 PM  |  

Last Updated: 11th December 2019 01:09 PM  |   A+A-   |  

bus_arrest

 

ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ആമ്പൂര്‍ സ്വദേശി ജഗന്‍ (25) ആണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ തിരുപത്തൂരില്‍ നിന്ന് വാണിയമ്പാടിക്ക് പോകുന്ന ബസിലാണ് സംഭവം. ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് താലി കെട്ടാന്‍ ശ്രമിച്ചത്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാവിന് 21കാരിയായ യുവതിയോട് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ യുവതിക്ക് ഇക്കാര്യത്തില്‍ അനുകൂല നിലപാടായിരുന്നില്ല. 

കോളേജ് പഠന കാലം മുതല്‍ യുവതി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു ജഗനും സഞ്ചരിച്ചത്. യുവതിയോട് നിരവധി തവണ ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് യുവതി നിരസിക്കുകയും മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇത്തരമൊരു ശ്രമം നടത്താന്‍ ശ്രമിച്ചതെന്ന് യുവാവ് പൊലീസിനോട് വ്യക്തമാക്കിയത്.  

താലി കെട്ടിയാല്‍ യുവതി സ്വന്തമാകുമെന്ന് കരുതിയായിരുന്നു ശ്രമം. എന്നാല്‍ ബലം പ്രയോഗിച്ച് താലി കെട്ടാനുള്ള ശ്രമം യുവതി ചെറുത്തതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.