നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാര്‍ ; സന്നദ്ധത അറിയിച്ച് മലയാളിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 02:20 PM  |  

Last Updated: 12th December 2019 02:20 PM  |   A+A-   |  

 

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധനായി മലയാളിയും. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് 15 കത്തുകളാണ് ലഭിച്ചതെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരു കേരളീയനും ഉള്‍പ്പെടുന്നതായി അധികൃതര്‍ സൂചിപ്പിച്ചു. രണ്ട് വിദേശികളും സന്നദ്ധത അറിയിച്ച് കത്തയച്ചിട്ടുണ്ട്.

ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, ഛത്തീസ്ഗഡ്, കേരള, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കത്തു വന്നിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള രണ്ട് കത്തുകള്‍ വിദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് കത്തുകള്‍ ലഭിച്ചതെന്നും തീഹാര്‍ ജയില്‍ ഓഫീസര്‍മാരിലൊരാള്‍ സൂചിപ്പിച്ചു.

സന്നദ്ധത അറിയിച്ച് കത്തയച്ചവരില്‍ പ്രായമേറിയവും, അഭിഭാഷകരും, ചാര്‍ട്ടേഡ് അക്കൗണ്ടന്റും വരെ ഉള്‍പ്പെടുന്നു. സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ വധശിക്ഷ നടപ്പാക്കാമെന്നാണ് ഇവര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നിലവില്‍ ഇവരുടെ ആരുടെയും സേവനം ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആരാച്ചാരെ കിട്ടാതിരിക്കുകയും, അത്യാവശ്യഘട്ടം ഉണ്ടാകുകയും ചെയ്താല്‍ അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതുപോലെ, ജയില്‍ ഓഫീസര്‍മാരില്‍ ആരെങ്കിലും ഒരാള്‍ ശിക്ഷ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളായ പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ്, പവന്‍ ഗുപ്ത എന്നിവരെ, ക്രൂരകൃത്യത്തിന്റെ ഏഴാം വാര്‍ഷികമായ ഡിസംബര്‍ 16 ന് തൂക്കിലേറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ആരാച്ചാര്‍മാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ അധികാരികള്‍ക്ക് കത്തയച്ചു. കേസിലെ പ്രതി പവന്‍ ഗുപ്തയെ ഡല്‍ഹി മന്‍ഡോളി ജയിലില്‍ നിന്നും തീഹാറിലേക്ക് മാറ്റിയതിന് പിന്നാലെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ കത്തയച്ചത്. ബീഹാറിലെ ബക്‌സര്‍ ജയിലിനോട് 10 തൂക്കുകയറുകള്‍ അടിയന്തരമായി വേണമെന്ന് തീഹാര്‍ ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷയുടെ ഡമ്മി പരീക്ഷണവും ജയിലില്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.