ലോട്ടറി കടക്കെണിയിലാക്കി: മുപ്പത് ലക്ഷത്തിന് മേല്‍ ബാധ്യത; മൂന്നു കുഞ്ഞുങ്ങളെ കൊന്ന ശേഷം യുവാവും ഭാര്യയും ജീവനൊടുക്കി, മരണ നിമിഷങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു

മൂന്നു മക്കളെ കൊന്നതിന് ശേഷം യുവാവും ഭാര്യയും ആത്മഹത്യ ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നു മക്കളെ കൊന്നതിന് ശേഷം യുവാവും ഭാര്യയും ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വില്ലുപുരത്തിലാണ് സംഭവം. ആത്മഹത്യയുടെ വീഡിയോ പകര്‍ത്തിയ യുവാവ്, സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ലോട്ടറി എടുത്ത കടബാധ്യത കാരണമാണ് താനും കുടുംബവും ആത്മഹത്യ ചെയ്യുന്നത് എന്ന്് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോയില്‍ പറയുന്നു. 

33വയസ്സുള്ള അരുണ്‍, ഭാര്യ ശിവകാമി, മക്കളായ പ്രിയദര്‍ശിനി (5), യുവ ശ്രീ (3), ഭാരതി (1) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. സയനേഡ് കഴിച്ചാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ വീഡിയോയില്‍ പറഞ്ഞു.

ധാരാളം മൂന്നക്ക ലോട്ടറി ടിക്കറ്റ് വാങ്ങിയത് കാരണം താന്‍ വലിയ കടത്തില്‍ അകപ്പെട്ടുവെന്ന് രണ്ട് മിനിറ്റ് വീഡിയോയില്‍ പറയുന്നു. ഇവരുടെ കുഞ്ഞുങ്ങള്‍ മരണത്തോട് മല്ലിടുന്നതും വീഡിയോയില്‍ കാണാം. അനധികൃത ലോട്ടറി വില്‍പന തടയാനും അരുണ്‍ വീഡിയോയിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അത് ചെയ്യുകയാണെങ്കില്‍ വില്ലുപുരത്തില്‍ തന്നെപ്പോലുള്ള പത്തുപേരെങ്കിലും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുമെന്ന് അരുണ്‍ പറയുന്നു. 

ആരേയും കുറ്റപ്പെടുത്താനില്ല, എല്ലാവരും സന്തോഷത്തോടെ ജീവിക്കൂ, എന്റെ കുഞ്ഞുങ്ങള്‍ കണ്‍മുന്നില്‍ മരിക്കുകയാണ്. മദ്യത്തില്‍ സയനേഡ് കലര്‍ത്തിയാണ് താന്‍ കഴിക്കുന്നതെന്നും വീഡിയോ അവസാനിക്കുന്നതിന് മുമ്പ് അരുണ്‍ പറയുന്നു. 

അരുണിന് മുപ്പത് ലക്ഷത്തിന് മുകളില്‍ കടമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബിസിനസില്‍ വലിയ നഷ്ടം സംഭവിച്ചിരുന്നു. ഇതിന് ശേഷം ഇയാള്‍ മദ്യാപാനിയായി മാറി. പിന്നീട് ലോട്ടറി എടുക്കുന്നത് സ്ഥിരമായി എന്ന് വില്ലുപുരം എസ്പി ജയകുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

തമിഴ്‌നാട്ടില്‍ അനധികൃത ലോട്ടറി വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 200 കേസുകളാണ് അനധികൃത ലോട്ടറി കച്ചവടുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്തിട്ടുള്ളതെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com