യുവാവ് ഡല്‍ഹി മെട്രോ ട്രെയിനിന്റെ മുന്‍പില്‍ ചാടി ജീവനൊടുക്കി, മണിക്കൂറുകള്‍ക്കകം ഭാര്യയും മകളും തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2019 05:57 PM  |  

Last Updated: 14th December 2019 05:57 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിന് മുന്‍പില്‍ ചാടി യുവാവ് ജീവനൊടുക്കി മണിക്കൂറുകള്‍ക്കകം ഭാര്യയും മകളും തൂങ്ങിമരിച്ച നിലയില്‍. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തമിഴ്‌നാട് സ്വദേശികളാണ് കുടുംബാംഗങ്ങള്‍.

ഡല്‍ഹിയിലെ നോയിഡ സെക്ടര്‍ 128ല്‍ ഫഌറ്റിലാണ് സംഭവം.സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന 33കാരനാണ് ഇന്നലെ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിന് മുന്നിലേക്ക് എടുത്തുച്ചാടിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഷനില്‍ രാവിലെ 11.30നാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് 30കാരിയായ ഭാര്യയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി. ചേട്ടന്റെ ഒപ്പം താമസിച്ചിരുന്ന ഇളയ സഹോദരന്‍ ആശുപത്രിയില്‍ നില്‍ക്കുകയും ഭാര്യയും മകളും വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്നായിരുന്നു ഇരുവരുടെയും ആത്മഹത്യയെന്നും പൊലീസ് വിശദീകരിക്കുന്നു.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിക്കുന്നു.