പതിനഞ്ചുകാരന്‍ മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടു, നല്‍കിയില്ല; ഉറങ്ങിക്കിടന്ന അമ്മയെ അടിച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2019 03:44 PM  |  

Last Updated: 16th December 2019 03:44 PM  |   A+A-   |  

 

ലുധിയാന: മദ്യലഹരിയില്‍ പതിനഞ്ചുകാരന്‍ അമ്മയെ അടിച്ചു കൊന്നു.രാത്രി ഉറങ്ങി കിടന്ന 50കാരിയെ മകന്‍ പാത്രം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

പഞ്ചാബിലെ ലുധിയാനയില്‍ വെളളിയാഴ്ച രാത്രിയിലാണ് സംഭവം. സംഭവം നടന്ന സമയത്ത് മുറിയില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. ഭര്‍ത്താവും ഈസമയത്ത് മദ്യലഹരിയിലായിരുന്നു. അതിനാല്‍ സംഭവം അറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.

തൊട്ടടുത്ത വീട്ടില്‍ അയല്‍ക്കാരുമായി ചേര്‍ന്ന് മദ്യപിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് മകന്‍ വീട്ടിലേക്ക് മടങ്ങി എത്തിയത്. ഉറങ്ങാന്‍ കിടക്കുന്നതിനിടെ, വീണ്ടും പുറത്ത് പോയി മദ്യപിക്കാന്‍ പതിനഞ്ചുകാരന്‍ അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച അമ്മ ഉറങ്ങാന്‍ കിടന്നു. ഇതില്‍ കുപിതനായ പതിനഞ്ചുകാരന്‍ അമ്മയെ പാത്രം ഉപയോഗിച്ച് അടിക്കുകയായിരുന്നു. തുടര്‍ന്ന് കരിമ്പ് ഉപയോഗിച്ചും മര്‍ദിച്ചു. 50കാരി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

സംഭവശേഷം പുറത്തിറങ്ങിയ മകന്‍ കൂട്ടുകാരുമായി ചേര്‍ന്ന് വീണ്ടും മദ്യപിക്കാന്‍പോയി. അതിനിടെ, മദ്യത്തിന്റെ ലഹരിയില്‍ നിന്ന് മുക്തനായ അച്ഛന്‍ ഭാര്യ മരിച്ച് കിടക്കുന്നത് കണ്ട് വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഭര്‍ത്താവിനെയാണ് പൊലീസ് സംശയിച്ചിരുന്നത്. എല്ലാവരും ഉറങ്ങി കിടക്കുമ്പോഴാണ് 50 കാരി മരിച്ചതെന്നാണ് അച്ഛനും മകനും പൊലീസിനോട് ആദ്യം പറഞ്ഞത്.

അതേസമയം അമ്മയെ മകന്‍ കൊന്നു എന്ന കാര്യം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സൂപ്പര്‍വൈസറോട് ഭര്‍ത്താവ് പറഞ്ഞിരുന്നു.  സൂപ്പര്‍വൈസറെ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കേസിന്റെ ചുരുളഴിഞ്ഞതായി പൊലീസ് പറയുന്നു. പ്രതിയെ ജുവനൈല്‍ കോടതി മുന്‍പാകെ ഹാജരാക്കി.