ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല : പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഹൈക്കോടതി

കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹൈദരാബാദ് : തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം വീണ്ടും നടത്താന്‍ ഉത്തരവ്. തെലങ്കാന ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. മെഡിക്കൽ ബോർഡ് ഓഫ് ഇന്ത്യയാണ് പോസ്റ്റ് മോർട്ടം നടത്തേണ്ടത്. ഇതിന്റെ മുഴുവൻ വീഡിയോയും പകർത്തി കോടതിയിൽ സമർപ്പിക്കണം. പോസ്റ്റ് മോർട്ടത്തിന് ശേഷം പ്രതികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

പിടിയിലായ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തു വരികയായിരുന്നുവെന്നും, ഈ സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ദിശ കൊലക്കേസ് പ്രതികളായ മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്‍ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റതായാണ് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

കൊല്ലപ്പെട്ട പ്രതികള്‍
കൊല്ലപ്പെട്ട പ്രതികള്‍

തെളിവെടുപ്പിനിടെ  അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍  കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വാദം. ഇതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്നുമായിരുന്നു സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞത്. ഡിസംബര്‍ ആറിന് പുലര്‍ച്ചെയാണ് ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് സമീപം പ്രതികള്‍ കൊല്ലപ്പെടുന്നത്.

ഏറ്റുമുട്ടല്‍ കൊലയില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി വി.എസ് സിര്‍പൂര്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് കോടതി നിയോഗിച്ചത്. സമിതിയില്‍ മുന്‍ ബോംബെ ഹൈകോടതി ജഡ്ജി രേഖ പ്രകാശ് ബള്‍ഡോട്ട, മുന്‍ സി.ബി.ഐ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍ എന്നവരാണ് മറ്റംഗങ്ങള്‍. കമ്മീഷന്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് അന്വേഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com