സ്‌കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാന്‍ നീക്കം; യുപി സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി അധികൃതര്‍

സ്‌കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം
സ്‌കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാന്‍ നീക്കം; യുപി സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി അധികൃതര്‍

ലക്‌നൗ: സ്‌കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം. ബല്‍റാംപൂരിലെ ഫസല്‍ഇറഹ്മാനിയ ഇന്റര്‍ കോളജ് സ്‌കൂളിലെ ഗ്രൗണ്ടാണ്  ഗോശാല നിര്‍മ്മിക്കുന്നതിനു വേണ്ടി അധികൃതര്‍ ഏറ്റെടുക്കുമെന്ന് ഉത്തരവിറക്കിയത്. എന്നാല്‍ ഈ നീക്കത്തിനെതിരെ സ്‌കൂള്‍ അധികൃതര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂളിന്റെ 2.5 ഏക്കര്‍ വരുന്ന ഗ്രൗണ്ടാണ് ഗോശാലയാക്കി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

40 വര്‍ഷമായി വിദ്യാര്‍ഥികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം വിട്ടുനല്‍കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഗോശാല നിര്‍മ്മിച്ചാല്‍ കേസെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

ഇത്തരമൊരു നിര്‍മ്മണത്തിന്റെ വിവരം സ്‌കൂളില്‍ അറിയിച്ചിട്ടില്ലെന്നും നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു. 1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എന്‍ഡി തിവാരി സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് വിദ്യാര്‍ത്ഥികളുടെ പ്രകടനം കണ്ടാണ് അദ്ദേഹം ഭൂമി നല്‍കിയതെന്ന് മുഹമ്മദ് ഇസ്മായില്‍ വ്യക്തമാക്കി. 40 വര്‍ഷത്തോളമായി ഗ്രൗണ്ട് ഉപയോഗിക്കുന്നു. ഇതുസംബന്ധിച്ച രേഖകളും കൈവശം ഉണ്ട്. ഏകദേശം 1,500 ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നും ഗോശാലകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ അവരുടെ കളി സ്ഥലമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗ്രാമത്തില്‍ ഒഴിഞ്ഞു കിടക്കുന്ന നിരവധി ഭൂമികള്‍ വേറെയുണ്ട്. അധികൃതര്‍ എന്തുകൊണ്ടാണ് അവ തിരഞ്ഞെടുക്കാതെ കുട്ടികളുടെ കളി സ്ഥലം തന്നെ ഗോശാല നിര്‍മ്മാണത്തിനായി കണ്ടെത്തിയത്. സ്‌പോര്‍ട്‌സില്‍ അവഗാഹമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് ഇവരുടെ കഴിവുകള്‍ ഇല്ലാതാക്കള്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും മാനേജര്‍ ഷരിഖ് റിസ്വി ചോദിച്ചു.

അതേസമയം ഈ ഭൂമി ഗ്രമസഭയുടെതാണെന്ന വാദവുമായി പച്ച്‌പെര്‍വാ പ്രദേശത്തെ ഗ്രാമ ലേഖ്പാലായ രമേഷ് ചന്ദ്ര രംഗത്തെത്തി. ഭുമി നല്‍കിയില്ലെങ്കില്‍ സ്‌കൂളിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌കൂളിന്റെതല്ല ഗ്രൗണ്ടെന്ന് തുള്‍സിപൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിശാല്‍ യാദവ് പറഞ്ഞു. തരിശായി കിടന്ന ഭൂമി കുട്ടികള്‍ കളി സ്ഥലമായി ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com