പ്രതിപക്ഷസഖ്യം രാജ്യത്തെ ഐസിയുവിലാക്കും: മോദി 

പ്രതിപക്ഷപാര്‍ട്ടികളുടെ മഹാസഖ്യം രാജ്യത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രതിപക്ഷസഖ്യം രാജ്യത്തെ ഐസിയുവിലാക്കും: മോദി 

ന്യൂഡല്‍ഹി:  പ്രതിപക്ഷപാര്‍ട്ടികളുടെ മഹാസഖ്യം രാജ്യത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പ്രവര്‍ത്തകരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2004ലെ പോലെ ബിജെപി പരാജയപ്പെട്ടാല്‍ രാജ്യത്തിന്റെ വികസനം അപകടാവസ്ഥയിലാകും. ബിസിനസ്സ് സൗഹൃദാന്തരീക്ഷത്തില്‍ നിന്ന് അഴിമതി സൗഹൃദാന്തരീക്ഷത്തിലേക്ക് നീങ്ങും. ജനങ്ങളുടെ ആവശ്യകതകള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുളള ജനവിധിയായിരുന്നു 2014ലേത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനുളള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.പ്രതിപക്ഷപാര്‍ട്ടികളുടെ മഹാസഖ്യം അഴിമതിനിറഞ്ഞ സഖ്യമാണെന്നും മോദി ആരോപിച്ചു.

സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്ന് രാജ്യത്തെ 15000 കേന്ദ്രങ്ങളില്‍നിന്നുള്ള ഒരു കോടി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. രാജ്യത്തിനു സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു. 

ശത്രുക്കള്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകര ആക്രമണങ്ങള്‍ നടത്തി ഇന്ത്യയുടെ വളര്‍ച്ച തടയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യം പാറപോലെ ഒരുമിച്ചു നില്‍ക്കും. ഇന്ത്യ ഒന്നായി ജീവിക്കുകയും വളരുകയും പോരാടുകയും വിജയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന എല്ലാവരോടും ഇന്ത്യയ്ക്കു നന്ദിയുണ്ട്. അവര്‍ അവിടെയുള്ളതുകൊണ്ടാണ് രാജ്യത്തിന് വികസനത്തിന്റെ പുതിയ തലങ്ങളില്‍ എത്താന്‍ കഴിയുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com