താജ് മഹലില്‍ പൂജ നടത്തുമെന്ന് ശിവസേന; സുരക്ഷ വര്‍ധിപ്പിച്ചു

സാവന്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലില്‍ ആരതി നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം
താജ് മഹലില്‍ പൂജ നടത്തുമെന്ന് ശിവസേന; സുരക്ഷ വര്‍ധിപ്പിച്ചു


ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലില്‍ സൈനിക സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇവിടെ പൂജ നടത്തുമെന്ന് ശിവസേന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

സാവന്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലില്‍ ആരതി നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാല്‍ സംരക്ഷിത സ്മാരകമായ ഇവിടെ ഏത് തരത്തിലുള്ള പൂജ നടത്തുന്നതും വലിയ കുറ്റകൃത്യമാണ്.

ജൂലൈ 17 ന് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച ആഗ്ര ശിവസേന നേതാവ് വീണു ലവനിയയാണ് പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പുരാവസ്തുവകുപ്പ് സൂപ്രണ്ട് ഇതിനെ എതിര്‍ക്കുകയും ഇതുവരെ അവിടെ പൂജയോ ആരതിയോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ അഡിഷണല്‍ മജിസ്‌ട്രേറ്റ് കെപി സിംഗ് വ്യക്തമാക്കി.താജ് മഹലില്‍ പൂജ നടത്തുമെന്ന വെല്ലുവിളി ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗമായ സ്ത്രീകള്‍ ഇവിടെ പൂജ നടത്തിയിരുന്നു. 2008 ല്‍ ശിവസേന പ്രവര്‍ത്തകര്‍ താജ് മഹലില്‍ പരികര്‍മ്മ എന്ന പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇത് പൊലീസ് കണ്ട് എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കി.

തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന് മുകളിലാണ് ഷാജഹാന്‍ താജ് മഹല്‍ സ്ഥാപിച്ചതെന്നാണ് ശിവസേനയുടെ വാദം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com