ബന്ധുക്കളുടെ ക്ഷേത്ര ദർശനത്തിന് സർക്കാർ അകമ്പടി; കോൺ​ഗ്രസ് മുഖ്യമന്ത്രി വിവാദത്തിൽ

കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ക്ഷേത്ര സന്ദര്‍ശനത്തിന് അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും വിട്ടുനല്‍കിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നടപടി വിവാദത്തില്‍
ബന്ധുക്കളുടെ ക്ഷേത്ര ദർശനത്തിന് സർക്കാർ അകമ്പടി; കോൺ​ഗ്രസ് മുഖ്യമന്ത്രി വിവാദത്തിൽ

ഭോപ്പാല്‍: കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ക്ഷേത്ര സന്ദര്‍ശനത്തിന് അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും വിട്ടുനല്‍കിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നടപടി വിവാദത്തില്‍. ചൊവ്വാഴ്ച ഉജ്ജയിനിയിലാണ് വിവാദ സംഭവം. കമല്‍നാഥിന്‍റെ അനന്തരവനും അനന്തരവള്‍ക്കും ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് വിഐപി പരിഗണന ലഭിച്ചത്. മംഗള്‍നാഥ് ക്ഷേത്രത്തിലും ഇവര്‍ സന്ദര്‍ശനം നടത്തി.  

ആറ് സര്‍ക്കാര്‍ വാഹനങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. വിഐപികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയന്നാണ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയത്. സര്‍ക്കാര്‍ ചട്ടമനുസരിച്ച് മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വിഐപി പരിഗണന നല്‍കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. 

നിലവിലെ വിവാദം  നേരിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് തലവേദനയാകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. രോഗികള്‍ക്ക് ആംബുലന്‍സ് ലഭിക്കാത്ത അവസ്ഥയില്‍ മുഖ്യമന്ത്രിയുടെ അനന്തരവന് ക്ഷേത്രദര്‍ശനത്തിനായി ആംബുലന്‍സ് നല്‍കിയത് നാണക്കേടാണെന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി ആരോപിച്ചു. അഞ്ച് ദിവസം മുൻപ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മധ്യപ്രദേശിലെത്തിയപ്പോള്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 

എന്നാല്‍, മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വിഐപി പരിഗണന നല്‍കിയിട്ടില്ലെന്നും മതിയായ സുരക്ഷ മാത്രമാണ് നല്‍കിയതെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com